അന്തിക്കാട്: അന്തിക്കാട്ടു കുളത്തിൽ കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങി. വലുതും ചെറുതുമായി ഒട്ടേറെ മീനുകളാണ് കുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചത്തുകിടക്കുന്നത്. ഇതോടെ പ്രദേശത്താകെ ദുർഗന്ധമാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി കുളത്തിലെ വെള്ളത്തിന് കടുത്ത ദുർഗന്ധവും നിറവ്യത്യാസവും മുകളിൽ കട്ടിയുള്ള പാടയും രൂപപ്പെട്ടിരുന്നു. ജലം പൂർണ്ണമായും മലിനമായ നിലയിലാണെന്ന് കാണിച്ച് നാട്ടുകാർ നേരത്തേ തന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നു. മലിനീകരണത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.
കൊച്ചിൻ ദേവസ്വത്തിന്റെ അധീനതയിലുള്ള കുളമായതുകൊണ്ട് മാലിന്യ പ്രശ്നപരിഹാരത്തിനായി ദേവസ്വത്തിന് കത്ത് നൽകി. ത്രിതല പഞ്ചായത്തിന്റെയും പൊതുജന പങ്കാളിത്തത്തോടുകൂടി മാലിന്യവിമുക്തമാക്കുന്നതിന് പദ്ധതി ആലോചിച്ചു. ജലപരിശോധനയും നടത്തി. ഇതിനിടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. പല മീനുകളും അവശനിലയിലുമാണ്. ഇത്തരം മീനുകളെ ആളുകൾ പിടിച്ചുകൊണ്ടുപോകുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
ഏകദേശം നാലര ഏക്കർ വിസ്തൃതിയുള്ള അന്തിക്കാട്ടുകുളവും നൂറുകണക്കിന് ആളുകൾ നിത്യവും ആശ്രയിക്കുന്ന ജലാശയമാണ്. സമീപപ്രദേശത്തെ ജലസ്രോതസ്സുകളെ സമൃദ്ധമാക്കുന്നതും ഈ കുളമാണ്. കുളത്തോട് ചേർന്നുള്ള നടപ്പാത, ഓപ്പൺ ജിം, വിശ്രമകേന്ദ്രങ്ങൾ എന്നിവയും ദിവസേന നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ജലമലിനീകരണം പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഇലകൾ വീണും മാലിന്യം അടിഞ്ഞുകൂടിയും പായൽ കെട്ടി പാട രൂപപ്പെട്ടതു മൂലം ഓക്സിജൻ അളവ് കുറഞ്ഞതു മൂലമാണ് മീനുകൾ ചത്തുപൊന്തുന്നതെന്നും, കുളത്തിലെ മീൻ പിടിച്ച് ഭക്ഷിക്കുന്നതു മൂലം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്നും അന്തിക്കാട് ഹെൽത്ത് ഇൻസ്പക്ടർ പറഞ്ഞു. കുളം സംബന്ധിച്ച് ദീർഘകാല വീക്ഷണമാണ് വേണ്ടതെന്നും തെക്ക് ഭാഗം അളന്ന് മതിൽ കെട്ടി, വ്യക്ഷങ്ങൾ മുറിച്ച് മാറ്റി, മീൻ മുഴുവനായി പിടിച്ചു വെള്ളം ക്ലോറിനേഷൻ സമയ ബന്ധിതമായി നടത്തണമെന്നും പി എച്ച് മൂല്യം ഉറപ്പ് വരുത്തി ഭാവിയിലേക്കുള്ള കരുതൽ ആക്കി മാറ്റണമെന്നുമാണ് ആവശ്യം.
ക്യാപ്ഷൻ: കുളത്തിൽ കൂട്ടമായി ചത്ത് പൊന്തിയ മീനുകൾകരയ്ക്കടിഞ്ഞ നിലയിൽ
