മതിലകം : മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 7 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂളിമുട്ടം വില്ലേജിലെ അയ്യപ്പൻകാവ് ദേശത്ത് എമ്മാട്ട് വീട്ടിൽ മധുസൂദനൻ (52) എന്നയാളെയാണ് കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി അഡീഷണൽ ജില്ലാ ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്.
2024 മെയ് മാസത്തിൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, സബ് ഇൻസ്പെക്ടർ ഫ്രാൻസിസ് പി. ജെ., ജി എ എസ് ഐ പ്രജീഷ് എന്നിവരാണ് അന്വേഷിച്ചത്. സബ് ഇൻസ്പെക്ടർ ഫ്രാൻസിസ് പി. ജെ ആണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്.
വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകൾ ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജൻ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354(1)(i), 450 വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ 7, 8 എന്നീ വകുപ്പുകൾ പ്രകാരവുമാണ് നടപടി സ്വീകരിച്ചത്.
