കാഞ്ഞാണി : രാത്രി ബസ് യാത്രക്കിടയിൽ പെൺകുട്ടിയെ ഉപദ്രവിച്ച മറ്റൊരു ബസിലെ കണ്ടക്ടറെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പാത്തിക്കൽ കണ്ണാടി പുലിക്കൽ വീട്ടിൽ മഹേഷിനെ ( 29 ) യാണ് ബസ് ജീവനക്കാർ കൈകാര്യം ചെയ്ത ശേഷം പൊലീസിന് കൈമാറിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതിന് തൃപയാറിൽ നിന്ന് തൃശൂർക്ക് പോയിരുന്ന സ്വകാര്യ ബസിൽ വെച്ചായിരുന്നു പത്ത് വയസായ പെൺകുട്ടിക്ക് നേരെ മഹേഷിൻ്റെ അതിക്രമം ഉണ്ടായത്. അമ്മയോടൊപ്പമാണ് കുട്ടി യാത്ര ചെയ്തിരുന്നത്. മറ്റൊരു ബസിലെ കണ്ടക്ടറായ മഹേഷ് ഓട്ടം കഴിഞ്ഞാണ് ഈ ബസിൽ കയറിയത്. മുൻ സീറ്റിൽ പെൺകുട്ടിയുടെ അടുത്ത് ഇരുന്ന ഇയാൾ പലവട്ടം കുട്ടിയുടെ കാലിലും ശരീരത്തിലും പിടിക്കുകയായിരുന്നു. ഇതോടെ ഭയന്ന കുട്ടി മറ്റൊരു സീറ്റിലേക്ക് മാറി ഇരുന്നപ്പോൾ അമ്മ ചോദ്യം ചെയ്തപ്പോൾ കുട്ടി കാര്യം തുറന്നു പറഞ്ഞത്. അമ്മ ഇക്കാര്യം ബസ് ജീവനക്കാരോട് പറഞ്ഞു. ഇതോടെ ഇയാളെ ബസ് ജീവനക്കാർ കൈകാര്യം ചെയ്യുകയായിരുന്നു. മുമ്പ് ഇത്തരത്തിൽ നിരവധി പെൺകുട്ടിക്ക് നേരെയും മഹേഷ് പീഡനത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് ബസ് ജീവനക്കാർ ഇയാളെ നേരിട്ടത്. തുടർന്ന് അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മഹേഷിനെ കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
