തൃശ്ശൂർ : 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആക്ഷേപത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. വാർത്തസമ്മേളനത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ജില്ലാ വരണാധികാരിയായിരുന്ന കലക്ടർക്കെതിരെ നടത്തിയ പരാമർശങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം, വാർത്തസമ്മേളനത്തിലെ പരാമർശങ്ങളുടെ പേരിൽ നോട്ടീസ് നൽകാൻ കഴിയുന്ന തെരഞ്ഞെടുപ്പ് കമീഷന് പരാതിയില്ലാതെ സ്വമേധയാ അന്വേഷിക്കാൻ കഴിയുമല്ലോയെന്ന് സുനിൽകുമാർ ചോദിച്ചു. സത്യവാങ്മൂലം നൽകാനാണ് ആലോചനയെന്നും ഇതുസംബന്ധിച്ച് ഹൈകോടതി അഭിഭാഷകന്‍റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും മുഖ്യ വരണാധികാരിയായ ജില്ല കലക്ടർക്ക് എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.പി. രാജേന്ദ്രൻ പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്നുമാണ് സുനിൽകുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്.
