തൃശ്ശൂർ: പൈങ്കുളത്ത് ഓട്ടോറിക്ഷയില്‍വെച്ച് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ചെറുതുരുത്തി, പൈങ്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.50-ഓടെ പൈങ്കുളം അയ്യപ്പ എഴുത്തച്ഛൻപടി സെൻ്ററില്‍നിന്ന് കയറിയ ബാലകൃഷ്ണൻ എന്നയാൾ ഉണ്ണികൃഷ്ണൻ്റെ ഓട്ടോറിക്ഷയില്‍ കയറി പാഞ്ഞാള്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യാത്രയ്ക്കിടയില്‍, ബാലകൃഷ്ണൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഡ്രൈവറായ ഉണ്ണികൃഷ്ണന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഭയന്ന ഉണ്ണികൃഷ്ണൻ ഉടൻ തന്നെ ഓട്ടോറിക്ഷ നിർത്തി സമീപത്തെ ഒരു വീട്ടില്‍ അഭയം തേടി. തുടർന്ന്, നാട്ടുകാർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉണ്ണികൃഷ്ണനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി എസ്ഐ എ.ആർ. നിഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രതി ബാലകൃഷ്ണനെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
.
