കാഞ്ഞാണി : അന്തിക്കാട് അയ്യപ്പസേവാസമിതി സംഘടിപ്പിക്കുന്ന അഖില കേരള ശാസ്താംപാട്ട് മഹോത്സവത്തോടനുബന്ധിച്ച് ദേവസ്ഥാനം നൽകുന്ന മകരജ്യോതി സുവർണ്ണമുദ്ര പുരസ്ക്കാരം ഇത്തവണ ശാസ്താംപാട്ട് കലാകാരൻ രാജേഷ് ചേറൂരിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു പവൻ്റെ ലോക്കറ്റ് അടങ്ങുന്ന അവാർഡ് ഈ മാസം 26 ന് വൈകിട്ട് 3 30 ന് അന്തിക്കാട് ശ്രീകാർത്തിക എൻ.എസ്. എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാദരണ സമ്മേളനത്തിൽ
വെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് വിതരണം ചെയ്യും. ഇതോടൊപ്പം ശ്രീ ധർമ്മശാസ്താ പുരസ്ക്കാരം ബിനീഷ് ഭാസ്ക്കരനും ഗുരുശ്രേഷ്ഠ പുരസ്കാരം കൃഷ്ണൻകുട്ടി നെട്ടിശ്ശേരിക്കും നൽകും. ഒരാൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും.രാവിലെ 9.30 ന്സംസ്ഥാനത്തെ ഏഴ് പ്രമുഖ ടീമുകളാണ് ശാസ്താംപാട്ട് മഹോത്സവത്തിൽ പങ്കെടുക്കുന്നത്. 2012 മുതലാണ് അയ്യപ്പ സേവാസമിതി ശാസ്താംപാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചത്. ശാസ്താംപാട്ട് കലയേയും കലാകാരൻമാരേയും പ്രോത്സാഹിപ്പിക്കാണ് ഓരോ വർഷവും അവാർഡ് വിതരണവും മഹോത്സവവും നടത്തിവരുന്നത്. എന്നാൽ ശാസ്താംപാട്ട് കലയെ സർക്കാർ അവഗണിക്കുകയാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ക്ഷേത്രകലയായി അംഗീകരിക്കുന്നില്ല. സംസ്ഥാനത്ത് 650 ഓളം ടീമും 2500 ഓളംശാസ്താംപാട്ട് കലാകാരൻമാരുമുണ്ട്. എന്നാൽ കലോത്സവങ്ങളിൽ നിന്നു പോലും ശാസ്താംപാട്ടിനെ മാറ്റി നിർത്തുകയാണ്. പല തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും അവഗണന തന്നെയെന്ന് അയ്യപ്പ സേവാ സമിതി ചെയർമാൻ ഇ. രമേശൻ, ചീഫ് കോഓർഡിനേറ്റർ എ .എസ് രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
next post
