തൃശൂർ: പുതുക്കാട് നന്തിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഫീസ് മുറിയുടെ വാതിൽ പൊളിച്ച് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ വിലവരുന്ന സാംസങ് കമ്പനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അന്തർജില്ലാ മോഷ്ടാവായ ഇടുക്കി തങ്കമണി മരിയാപുരം സ്വദേശി നിറവത്ത് വീട്ടിൽ സന്തോഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 14 നാണ് മോഷണം നടന്നത്. മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത പുതുക്കാട് പോലീസ് ശാസ്ത്രീയമായ അന്വേഷണം ആരംഭിക്കുകയും സംഭവസ്ഥലത്ത് ഫിംഗർപ്രിന്റ് വിദഗ്ധരെക്കൊണ്ട് പരിശോധന നടത്തുകയും ചെയ്തിരുന്നു.
മോഷ്ടിക്കപ്പെട്ട / നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായുള്ള CEIR (Central Equipment Identity Register) പോർട്ടലിൽ ഫോണിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഫോൺ തമിഴ്നാട്ടിലെ തേനി ഭാഗത്ത് ഓൺ ചെയ്തതായി അലർട്ട് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി. അന്വേഷണസംഘം തേനിയിലെത്തി നടത്തിയ പരിശോധനയിൽ തേനി സ്വദേശിയിൽനിന്ന് ഫോൺ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തേനിയിലെ ഒരു മൊബൈൽ ഷോപ്പിൽനിന്ന് പണം നൽകി വാങ്ങിയതാണെന്ന് ഇയാൾ അറിയിച്ചതിനെത്തുടർന്ന് നടത്തിയ തുടർ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ അന്തർജില്ലാ മോഷ്ടാവായ സന്തോഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനാണെന്ന് കണ്ടെത്തിയത്.
2026 ഒക്ടോബർ 12-ന് കോട്ടയം ജില്ലയിലെ മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ കടനാട് നിർമല പബ്ലിക് സ്കൂളിൽ അതിക്രമിച്ചുകയറി മോഷണശ്രമം നടത്തിയ കേസിലും മഹേഷ് നാരായണൻ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രസ്തുത കേസിൽ സ്കൂളിലെ ഗ്രില്ലുകളും പ്രിൻസിപ്പലിന്റെ മുറി, ഓഫീസ് മുറി, സ്റ്റാഫ് റൂം എന്നിവയുടെ വാതിലുകളും തകർക്കുകയും വിവിധ രേഖകൾ നശിപ്പിക്കുകയും ജനൽച്ചില്ലുകൾ പൊട്ടിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായ മഹേഷ് നാരായണൻ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കോടതിയുടെ അനുമതിയോടെ പാലാ സബ് ജയിലിലെത്തി നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പുതുക്കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സന്തോഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണൻ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാംകുളം, തൃശ്ശൂർ, പാലക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പതിനാറ് മോഷണക്കേസുകളിൽ പ്രതിയാണ്.
പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ ഫക്രുദ്ദീൻ കെ എ, എസ് ഐ രാജേഷ്, എസ് ഐ ലിയാസ്, ജി എ എസ് ഐ രനീഷ്, ജി എസ് സി പി ഒ അരുൺ, സി പി ഒ മാരായ ഫ്രെഡ്ഡി റോയ്, ജിന്റോ, ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
