വലപ്പാട്: ജമാഅത്തെ ഇസ്ലാമി നാട്ടിക ഏരിയ സമ്മേളനം വലപ്പാട് ചന്തപ്പടിയിൽ ഹിന്ദ് കേരള അസി. അമീർ എം.കെ. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ദൈവനീതിയിൽ അധിഷ്ഠിതമായ ജീവിതവ്യവസ്ഥയാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിനായി ജനങ്ങൾക്കിടയിൽ ജീവിച്ച പ്രവാചകന്മാരുടെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നതാണെന്നും ഈ സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുൾഡോസർ സംസ്കാരത്തിലൂടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സമാധാനം നഷ്ടപ്പെടുത്തുന്ന ഭരണരീതിയല്ല ഇന്ത്യക്ക് ആവശ്യമെന്നും സമാധാനപൂർണമായ ജീവിതം ആഗ്രഹിച്ച ഗാന്ധിജിയുടെ ഇന്ത്യയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നന്മയുടെയും ധാർമികബോധത്തിന്റെയും പാതയിൽ സമൂഹത്തെ മുന്നിൽനിന്ന് നയിക്കുന്ന ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനത്തോടൊപ്പം ചേർന്നുനിൽക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭ്യർഥിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ് ഖുർആൻ ബോധനം നിർവഹിച്ചു. നാട്ടിക ഏരിയ ജനറൽ കൺവീനർ പി.മുഹമ്മദ് സാദിഖ്, ഏരിയ പ്രസിഡന്റ് മുഹമ്മദ് സാലിഹ് സാഹിബ് ആമുഖ പ്രഭാഷണം നടത്തി.
പ്രബോധനം സീനിയർ സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട് സമ്മേളനത്തിൽ മുഖ്യവിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമതി അംഗവും,തൃശൂർ ജില്ല വൈസ് പ്രസിഡന്റ് കൂടി ആയ ഷെരീഫ അമീൻ സമ്മേളത്തിന് സംസാരിച്ചു. അൽ ജാമിഅ അൽ ഇസ്ലാമിയ ശാന്തപുരം ഫാക്കൽറ്റി അംഗം ഡോ. സാഫിർ പങ്കെടുത്ത പാനൽ ചർച്ചയും ചോദ്യോത്തര പരിപാടിയും നടന്നു.
സമകാലിക സാമൂഹിക വിഷയങ്ങളിൽ ആശയവിനിമയത്തിനും സംവാദത്തിനും വേദിയൊരുക്കിയ പരിപാടി ശ്രദ്ധേയമായി.
ഇതോടനുബന്ധിച്ച് ‘ഹംസഫർ’ എന്ന ഡോക്യു-ഫിക്ഷൻ പ്രദർശനവും സംഘടിപ്പിച്ചു.
