കയ്പമംഗലം: പനമ്പിക്കുന്നിൽ വിദ്യാർത്ഥികൾ ഉൾപ്പടെ എട്ട് പേരുടെ മരണത്തിനരയാക്കിയ വാഹനാപകടത്തിൽ നാഷണൽ ഹൈവേ അതോറിറ്റിക്കെതിരെ കയ്പമംഗലം ഗ്രാമ പഞ്ചായത്ത്. കരാർ കമ്പനിയായ ശിവാലയക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ല കളക്ടർ ശിഖ സുരേന്ദ്രനെ ഭരണ സമിതി അംഗങ്ങൾ നരിട്ടു കണ്ട് പരാതി നൽകി.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, സ്ഥിരം സമിതി അധ്യക്ഷരായ മണി ഉല്ലാസ്, സുരേഷ് കൊച്ചുവീട്ടിൽ, അൻസ മോൾ, മെമ്പർ ഷാഹിർ പഴുംപറമ്പിൽ എന്നിവരാണ് കളക്ടറെ സന്ദർശിച്ചത്.
ഹൈവേ അതോറിറ്റിയുടെ തികഞ്ഞ അനാസ്ഥയാണ് ഈ അപകടത്തിന് പിന്നിലെന്ന് പരാതിയിൽ ചൂണ്ടികാട്ടി.
ദിശാ ബോർഡുകൾ കൃത്യമായി സ്ഥാപിക്കാത്തതും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമായി.
പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങളിൽ വണ്ടികളുടെ അനധികൃത പാർക്കിംഗ് കൂടിയാണ് ഇത്തരത്തിലുള്ള അപകടത്തിന്റെ കാരണങ്ങൾ.
ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഉടൻ തന്നെ ഹൈവേ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർനടപടികൾ എത്രയും പെട്ടെന്ന് എടുക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി.
