ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി വില്ലേജ് പൊറത്തിശ്ശേരി സ്വദേശി മുതിരപ്പറമ്പില്‍ വീട്ടിൽ പ്രവീൺ (29) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആഗസ്റ്റ് 4 ന് രാത്രി 10.00 മണിയോടെ സംഭവ ദിവസം വിശാഖും കൂട്ടുകാരനും വിശാഖിന്റെ വീടിനടുത്തുള്ളവരുമായി വഴക്ക് ഉണ്ടായതിനെക്കുറിച്ച് ചോദിക്കുന്നതിനായി പ്രവീണിന്റെ വീട്ടിൽ പോയതിലുള്ള വൈരാഗ്യത്താൽ മനവലശ്ശേരി കൊരുംമ്പിശ്ശേരി സ്വദേശി പുത്തുവീട്ടിൽ വിശാഖ് (26) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. ഈ കേസ്സിലെ ഒന്നാം പ്രതിയാണ് പ്രവീൺ.
ഈ കേസ്സിലെ മറ്റ് പ്രതികളായ പൂമംഗലം എടക്കുളം സ്വദേശി പൂവ്വത്തിക്കര വീട്ടിൽ വൈശാഖ് (22), ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി വടശ്ശേരി വീട്ടിൽ ശിവപ്രഭു (21), ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി വടശ്ശേരി വീട്ടിൽ അതുൽകൃഷ്ണ (19), നാരായണമംഗലം പോലക്കുളം അമ്പലം സ്വദേശി പുഞ്ചപറമ്പിൽ വീട്ടിൽ ഷിലിമോൻ (19), ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പിൽ വീട്ടിൽ പ്രജീഷ് (32), കല്ലൂർ പള്ളിക്കുന്ന് ഞെള്ളൂർ അമ്പലം സ്വദേശി ശ്രമാമ്പിക്കൽ വീട്ടിൽ അനീഷ് (32) എന്നീ ആറ് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
പ്രവീണിനെ 23-05-2026 തിയ്യതി മുതൽ രണ്ട് മാസക്കാലത്തേക്ക് സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. അതിനു ശേഷമുള്ള രണ്ട് മാസം എല്ലാ ശനിയാഴ്ചയും ഇരിങ്ങാലക്കുട എസ് എച്ച് ഒ മുമ്പാകെ ഹാജരാകണമെന്നും കാപ്പ നിയമപ്രക്രാരമുള്ള ഉത്തരവ് ഉണ്ടായിരുന്നതാണ്. എന്നാൽ പ്രവീൺ 08-08-2026 തിയ്യതിയിൽ ഇരിങ്ങാലക്കുട എസ് എച്ച ഒ മുമ്പാകെ ഹാജരാകാതെ ഉത്തരവ് ലംഘിച്ചതിനാൽ പ്രവീണിനെതിരെ കാപ്പ ഉത്തരവ് ലംഘിച്ചതിന് മറ്റൊരു കോസും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്കും കൂടി അറസ്റ്റ് രേഖപ്പെടുത്തിയാണ് പ്രവീണിനെ കോടതിയിൽ ഹാജരാക്കുന്നത്.
പ്രവീൺ ഇരിങ്ങാലക്കുട, കാട്ടൂര്‍, വലപ്പാട്, കൊരട്ടി പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് കവർച്ചക്കേസിലും, ഏഴ് വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള രണ്ട് കേസിലും, കുട്ടികൾക്കും മറ്റും നിരോധിത മയക്കു മരുന്നുകൾ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച മൂന്ന് കേസിലും, കാപ്പ നിയമപ്രകാരമുള്ള കേസുകളിലും, അടിപിടിക്കേസുകളിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും അടക്കം 23 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജി എം. കെ, എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ സൗമ്യ ഇ യു, ജി എസ് ഐ മുഹമ്മദ് റാഷി, സി പി ഒ മാരായ ഗിരീഷ്, സുനിൽ, സവീഷ്, മിഥുൻ, ലിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
