കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഉണ്ടായ പോലിസ് മര്‍ദ്ദനത്തില്‍ നടപടി ഉണ്ടായില്ലെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഎസ് സുജിത്തിന്റെ പരാതി ഡിജിപിക്ക് കൈമാറി എന്നും ഐജി പൂട്ട വിമലാദിത്യ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. റിപോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും സുജിത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
തനിക്ക് നീതി കിട്ടിയില്ലെന്ന് പറഞ്ഞ് വി എസ് സുജിത്ത് തന്നെ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മര്‍ദ്ദനമേറ്റ സമയത്ത് കൂടെയുണ്ടാകുമെന്നും മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ പോരാടുമെന്നും ഉറപ്പുനല്‍കിയ നേതാക്കള്‍ ഇന്ന് എവിടെയാണെന്ന് സുജിത്ത് ചോദിച്ചു. അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയേ വിലയുള്ളോ എന്നും ഇത് നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ കൂടെയുണ്ട്’ എന്ന പതിവ് വാക്ക് വീണ്ടും ആവര്‍ത്തിക്കുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും അത് പ്രവര്‍ത്തിച്ച് കാണിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
