കാഞ്ഞാണി : ഉപ്പേരി വറക്കുന്നതിനിടയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് ഓല വീട് ഭാഗീകമായി കത്തി നശിച്ചു കാരമുക്ക് ഗവ: ആശുപത്രിക്ക് പടിഞ്ഞാറ് തുരുത്തിയിൽ മനോജിൻ്റെ വീടാണ് കത്തിയത്. ഓണ വിപണിയുടെ ഭാഗമായി വീട്ടുകാർ ഉപ്പേരി ഉണ്ടാക്കി വിൽപ്പന നടത്താറുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഉപ്പേരി ഉണ്ടാക്കുമ്പോഴാണ് അടുപ്പിൽ നിന്ന് തീ പടർന്നത്. വാർഡ് അംഗം സുനിത ബാബുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. വീട്ടിലെ വസ്ത്രങ്ങളും മനോജിൻ്റെ മക്കളുടെ പാഠപുസ്തകങ്ങളും കത്തി നശിച്ചു. വീട്ടിൽ മനോജും ഭാര്യ സ്വപ്ന, മക്കളായ ലക്ഷ്മിപ്രിയ, കൃഷ്ണ പ്രിയ എന്നിവരാണ് താമസിക്കുന്നത്. പാവപ്പെട്ട കുടുംബമാണ്. വീട് കത്തിയതോടെ കുടുംബം ദുരിതത്തിലായി. നേരത്തെ പ്രളയത്തിൽ വീട് നശിച്ചതോടെ കുടിൽ കെട്ടി താമസിച്ചുവരുകയായിരുന്നു
