വാടാനപ്പള്ളി: കാലവർഷം കനത്തതോടെ വാടാനപ്പള്ളി ഫസൽ നഗർ, പൊക്കാഞ്ചേരി ബീച്ചുകളിൽ കടലാക്രമണം രൂക്ഷം. 20 വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് 400 മീറ്ററോളം തകർന്നു. നിരവധി തെങ്ങുകളും വൈദ്യുതി തൂണുകളും കടപുഴകി. വെള്ളവും വെളിച്ചവും യാത്ര സൗകര്യവും ഇല്ലാതെ കടലോര നിവാസികൾ ദുരിതത്തിലായിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപം. ഫസൽ നഗർ മുതൽ പൊക്കാഞ്ചേരി ബീച്ച് വരെയാണ് കടലാക്രമണം രൂക്ഷമായത്. കഴിഞ്ഞ ദിവസം വരെ വാഹനങ്ങൾ പോയിരുന്ന ഫസൽ നഗറിലെ സീവാൾ റോഡാണ് ഒലിച്ചു പോയത്. വേലിയേറ്റത്തിൽ തിരയടിച്ച് വെള്ളംകരയിലേക്ക് കയറുകയാണ്. കര തുരന്ന് വെള്ളം കയറുന്നതോടെയാണ് സീവാൾ റോഡ് തകർന്നത്. ഇവിടെ തെങ്ങുകൾ കടപുഴകി വീണു കൊണ്ടിരിക്കുകയാണ്. സമീപം താമസിക്കുന്ന മത്സൃ തൊഴിലാളിയായ വടക്കൻ മോഹനൻ്റെ വീട്ടിലേക്ക് വെള്ളം കയറുന്നത് തടയാൻ മോഹനൻ തന്നെ പുലർച്ചെ എഴുന്നേറ്റ് മണിക്കൂറോളം പാടുപ്പെട്ട് മണ്ണ് കോരി നിരത്തിക്കൊണ്ട് വീടിന് താൽക്കാലിക സംരക്ഷണം ഒരുക്കിയത്. വെള്ളം ഇനിയും കയറിയാൽ വീട് നിലംപൊത്തുന്ന അവസ്ഥയാണ്. സമീപത്തെ മറ്റ് വീടുകളുടെ അവസ്ഥയും ഇതു തന്നെ. ഇവിടെ പേരിന് മാത്രമാണ് കരിങ്കല്ല് നിരത്തിയത്. കടലാക്രമണം കാരണം മോഹനൻ ഒന്നര മാസമായിപണിക്ക് പോകാറില്ല. മത്സ്യം വിൽപന നടത്തുന്ന ബൈക്ക് അടക്കം രണ്ട് വാഹനങ്ങളും മോഹനൻ കടലാക്രമണ ഭീഷണി മൂലം അകലെയുള്ള മറ്റ് വീടുകളിലേക്ക് കയറ്റി വെച്ചിരിക്കുകയാണ്. കയറി ചെല്ലാൻ ഇടമില്ലാതെ മോഹനനുംകുടുംബവും കടലോരത്തെ ഈ വീട്ടിൽ തന്നെയാണ് പേടിച്ച് കഴിയുന്നത്. കടലാക്രമണം നാശം വിതച്ചിട്ടും സർക്കാറോ പഞ്ചായത്തോ കരിങ്കല്ലടിക്കാനോ വെള്ളം എത്തിക്കാനോ അടക്കമുള്ള വേണ്ട നടപടി കൈകൊളളുന്നില്ലെന്ന് കടലോര നിവാസികൾ പറയുന്നു. എം. എൽ .എ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയല്ലാതെ സഹായകരമായ ഒരു നടപടികളില്ല. കലക്ടർ ഇനിയും സന്ദർശനം പോലും നടത്തിയിട്ടില്ല. കടലാക്രമണങ്ങളിൽ മുൻ വർഷങ്ങളിലായി 300 ലധികം വീടുകളും ഏക്കറ് കണക്കിന് സ്ഥലവും നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. കടലാക്രമണത്തിൽ വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും തകർന്നതോടെ വൈദ്യുതിയും കുടിവെള്ളവും ഇല്ലാതെ ദുരിതാവസ്ഥയിലായിട്ടും വേണ്ട നടപടി കൈകൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് സ്ത്രീകൾ അടക്കം ആരോപിച്ചു. ബന്ധപ്പെട്ടവർക്ക് പല തവണ പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല. സീവാൾ റോഡ് തകർന്നതോടെ ഒറ്റപ്പെട്ട് യാത്ര ദുരിതവും ഏറിയതായി ഇവർ പറഞ്ഞു. കടലാക്രമണം മൂലം വീടുകൾ തകരാതിരിക്കാൻ അടിയന്തിരമായി കരിങ്കല്ല് നിരത്തണമെന്നും കുടിവെള്ളം എത്തിക്കണമെന്നും കടലോര നിവാസികൾ പറഞ്ഞു
previous post
