ചേർപ്പ് : ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി സിപിഎമ്മിലെ ഷക്കീല അമീറിനെയും വൈസ് പ്രസിഡൻ്റായി സിപിഐയിലെ സെബി ജോസഫ് പെല്ലിശ്ശേരിയേയും തെരഞെടുത്തു. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഷക്കീല അമീറിന് ഏഴ് വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി സിനി പ്രദീപിന് അഞ്ച് വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ നിഷ്പക്ഷത പാലിച്ച് വോട്ട് രേഖപ്പെടുത്തിയില്ല. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും ഇതേ വോട്ടിങ്ങ് നിലതന്നെ ആയിരുന്നു. തെരഞ്ഞെടുപ്പിന് റിട്ടേണിങ്ങ് ഓഫീസർ സി. രാഗേഷ് നേതൃത്വം നൽകി. എട്ടുമുന ഡിവിഷനിൽ നിന്ന് വിജയിച്ച ഷക്കീല ചേർപ്പ് വെസ്റ്റ് മുത്തുള്ളിയാൽ സ്വദേശിയാണ്. മഹിളാ അസോസിയേഷൻ ചേർപ്പ് മേഖലാ പ്രസിഡൻ്റും, ഓൾ കേരള ടൈലറിങ്ങ് വർക്കേഴ്സ് അസോസിയേഷൻ ചേർപ്പ് ഏരിയാ സെക്രട്ടറിയുമാണ്. തൊഴിലാളിയായ അമീറാണ് ഭർത്താവ്. അൻസിയ അനസ്സ് ( എടപ്പാൾ – കാളച്ചാൽ) മുഹമ്മദ് റിസ്വാൻ (മൾട്ടിമീഡിയ വിദ്യാർത്ഥി) എന്നിവരാണ് മക്കൾ. വൈസ് പ്രസിഡൻ്റ് സെബി ജോസഫ് പെല്ലിശ്ശേരി അമ്മാടംഡിവിഷനിൽ നിന്നാണ് വിജയിച്ചത്. കർഷക സംഘം തൃശ്ശൂർ ജില്ലാ ജോ. സെക്രട്ടറിയും, സി. പി. ഐ. എം. ചേർപ്പ് ഏരിയാ കമ്മിറ്റി അംഗവും ,അമ്മാടം സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമാണ്. നേരത്തെ 2005 മുതൽ 2015 വരെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. എസ്.എഫ്.ഐ. ഇരിങ്ങാലകുട , ചേർപ്പ് ഏരിയാ സെക്രട്ടറിയായും, ഡി.വൈ.എഫ്.ഐ. ചേർപ്പ് ബ്ലോക്ക് സെക്രട്ടറി , ജില്ലാ ജോ.സെക്രട്ടറി, ട്രഷറർ എന്നി നിലകളിൽ നേരത്തെ പ്രവർത്തിച്ചട്ടുണ്ട്. ചേനം ഏ.എൽ.പി.സ്കൂൾ പ്രധാന അധ്യാപിക ലൗലി ജെ തേയ്ക്കാനത്ത് ആണ് ഭാര്യ. ആഷിക് , ആൻ സെലിൻ (മൂന്നാം വർഷ നിയമ വിദ്യർത്ഥി, ലക്കിടി – ഒറ്റപ്പാലം നെഹ്റു കോളേജ് ) എന്നിവരാണ് മക്കൾ.
