പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ ക്രിസ്തുജയന്തി-2025 മഹാജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനം മെൽബൻ രൂപതയുടെ മുൻ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു.
നമുക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവെച്ച് കൊണ്ടും, കാരുണ്യപ്രവർത്തികളും, സത്കൃത്യങ്ങളും ചെയ്തുകൊണ്ടും നമുക്ക് പ്രത്യാശയുടെ തീർത്ഥാടകരായി മാറാം എന്ന സന്ദേശം അഭിവന്ദ്യ പിതാവ് സമാപന സന്ദേശത്തിൽ നൽകി.
വിവിധ സംഘടനകൾ ചേർന്ന് നിർമ്മിച്ച പുൽക്കൂടിന്റെ സ്വിച്ച് ഓൺ കർമ്മം അഭിവന്ദ്യ പിതാവ് നിർവഹിച്ചു.
പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു.
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 17 കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള കരോൾ മത്സരം ഉണ്ടായിരുന്നു.
പ്രാർത്ഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും കൂട്ടായ്മയുടെ ഭാഗമായി ഓരോ കുടുംബവും നാല് അദ്ധ്യായം വീതം പകർത്തി എഴുതിയ സമ്പൂർണ്ണ ബൈബിൾ, ജൂബിലി സ്മാരകമായി സമർപ്പിച്ചു. തുടർന്ന് ജൂബിലി വർഷ പ്രാർത്ഥനയും, ഇടവകയിൽ സേവനമനുഷ്ഠിച്ച എല്ലാ കൈക്കാരന്മാരെയും ആദരിക്കുകയും ചെയ്തു.
22-ാം വയസ്സിൽ കൈക്കാരനാവുകയും, ആകെ 12 തവണ കൈക്കാരന്റെ സ്ഥാനം വഹിക്കുകയും ചെയ്ത കെ.പി. ആന്റണിയെ ആദരിച്ചു.
തൃശ്ശൂർ അതിരൂപതാ തലത്തിൽ നടത്തിയ ലോഗോസ് ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവരെ ആദരിച്ചു.
തൃശ്ശൂർ അതിരൂപതയിലെ മോഡൽ യൂണിറ്റുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട പഴുവിൽ ഇടവക സീനിയർ സി.എൽ.സി. സംഘടനയെ ആദരിച്ചു.
ഇടവകയിലെ വലിയ കുടുംബങ്ങളെയും ആദരിക്കുകയുണ്ടായി.
ഒരോ കുടുംബകൂട്ടായ്മകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥരായ വ്യക്തികൾക്ക് ക്രിസ്തുമസ് സമ്മാനം നൽകി ആദരിച്ചത് ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, കാരുണ്യം ജൂബിലി വർഷത്തിൽ ആഘോഷമാക്കാൻ ആഹ്വാനം ചെയ്തതനുസരിച്ച്, ജാതിമതഭേദമന്യേ 10 ലക്ഷം രൂപയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇടവകതലത്തിൽ നടത്തുകയുണ്ടായി.
അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, കൈക്കാരന്മാരുടെ പ്രതിനിധിയായി കെ.പി. ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ എം.കെ. തോമസ് നന്ദി പറഞ്ഞു.
