അന്തിക്കാട്: മിനി ബോൺ നത്താലെ ആഘോഷമാക്കി അന്തിക്കാട് കെ.ജി.എം. എൽപി സ്കൂളിലെ വിദ്യാർത്ഥികൾ. 200 കുട്ടികളാണ് ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ് സ്കൂളിൽ എത്തിയത്. പാട്ടും ആഘോഷവുമായി അന്തിക്കാട് നടയിലൂടെ മിനി ബോൺ നത്താലെ നീങ്ങി. 100 കുട്ടികൾ ബോൺ നത്താലെ ഡാൻസും കളിച്ചു. വഴിയരികിൽ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നൽകി കുഞ്ഞു പാപ്പാമാർ നടന്നു നീങ്ങി. അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തി മാലാഖമാരും ആട്ടിടയരും പാപ്പാമാരും പോലീസുകാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. എസ് എച്ച് ഒ കേഴ്സൻ സി മാർക്കോസ് തിരിച്ചും കുട്ടികളെ അഭിവാദ്യം ചെയ്തു. സ്കൂളിൽ നടന്ന ക്രിസ്മസ് കേക്ക് കട്ടിങ്ങിൻ്റെ ഉദ്ഘാടനം സ്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ 3 വയസുകാരി ദേവികയും വാർഡ് മെമ്പർ സി.കെ.കൃഷ്ണകുമാറും ചേർന്ന് നിർവഹിച്ചു. പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് ലിയോ ജോർജ്, വൈസ് പ്രസിഡൻ്റ് അജിഷ അൻവർ, എംപിടിഎ പ്രസിഡൻ്റ് സൗമ്യ തുടങ്ങിയവർ സംസാരിച്ചു.
