ചേർപ്പ് : പാലക്കലിൽ പതിവ് തെറ്റാതെ മുളയിൽ പുൽക്കൂടുകൾ ഒരുക്കി തമിഴ് സംഘം.
ഇക്കുറിയും പാലക്കൽ പള്ളിക്ക് സമീപം വഴിയോരത്താണ് തമിഴ് സംഘം പുൽക്കൂടുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നത്. ഉളി ഉപയോഗിച്ച് മുളവെട്ടി കഷണങ്ങളായി മുള്ളാണിയും കെട്ട് കമ്പിയും ഉപയോഗിച്ചാണ് പുൽക്കൂട് നിർമ്മിക്കുന്നത്. പ്രത്യേക അളവിലും ആകൃതിയിലും നിർമ്മിക്കുന്ന കൂടുകൾക്ക് 150 മുതൽ 250 രൂപ വരെയാണ് വിലയെന്ന് വർഷങ്ങളായി പാലയ്ക്കലിൽ എത്തുന്ന കോയമ്പത്തൂർ സ്വദേശി രാജു പറഞ്ഞു. നിരവധി പേർ ഇവിടെ നിന്നും പുൽക്കൂടുകൾ വാങ്ങുന്നതിനായി എത്തുന്നുണ്ട്. വൈക്കോൽ മേഞ്ഞ കൂടുകളും നക്ഷത്രങ്ങളും ഇവിടെ നിർമ്മിക്കുന്നു. അലങ്കാര പ്രവർത്തനങ്ങൾ ചെയ്യുന്നത് ഉപഭോക്തക്കളാണ്. ഒരു മാസത്തോളമായി ഇവിടെ താമസിച്ച് പുൽക്കൂട് വിൽപ്പന നടത്തുന്ന സംഘം ക്രിസ്മസ് കഴിഞ്ഞേ ഇനി നാട്ടിലേക്ക് മടങ്ങു.
