വലപ്പാട് : വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടുന്ന എല്ലാ കുട്ടികൾക്കും വ്യക്തിഗത പുരസ്‌കാരം നൽകുമെന്ന് ട്രോഫി കമ്മിറ്റി പ്രഖ്യാപിച്ചു.
വലപ്പാട് ഉപജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്ന പ്രധാന അധ്യാപകരുടെ കൂട്ടായ്മയാണ് ഈ പുരസ്‌കാരങ്ങൾ സംഭാവന ചെയ്യുന്നത്. തിരുമംഗലം യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രതീകാത്മകമായി ട്രോഫിയുടെ മാതൃക ട്രോഫി കമ്മിറ്റിക്ക് കൈമാറി.
സംഘമായി മത്സരിക്കുന്ന ഇനങ്ങളിലും പങ്കാളികളാകുന്ന എല്ലാ കുട്ടികൾക്കും പുരസ്‌കാരം നൽകാനുള്ള ഈ തീരുമാനം ഉപജില്ലാ കലോത്സവത്തിന് പുതുമയും ഉണർവും പകരുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. അമ്പിളി അറിയിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണും ട്രോഫി കമ്മറ്റി ചെയർമാനുമായ കെ.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. തിരുമംഗലം സ്കൂളിലെ മുൻ പി.ടി.എ പ്രസിഡന്റും നിലവിലെ കലോത്സവ ജനറൽ കമ്മറ്റി വൈസ് ചെയർമാനുമായ രാധാകൃഷ്ണൻ പുളിഞ്ചോട് മുഖ്യപ്രഭാഷണം നടത്തി.
പുരസ്‌കാരങ്ങൾ സംഭാവന ചെയ്ത പ്രധാന അധ്യാപകരായ റീന തോമസ്, എൻ.വി. ജ്യോതി, പി.വി. സിന്ധു, കെ.ജി. റാണി, ടി.ജി. സുജാത, പി.ബി. ബിന്ദു , പി.എൻ. നിത്യകല, കെ.ആർ. ഡോളി, ട്രോഫി കമ്മറ്റി കൺവീനർ കെ.എസ്. ജയസൂമ, ലിജി എന്നിവർ സംസാരിച്ചു.
