വാടാനപ്പള്ളി : സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരമുള്ള നിരവധി സ്കൂളുകൾ നിർമിച്ച് നിലവാരം മെച്ചെപ്പെടുത്തുന്ന അവസ്ഥയിൽ പഠന രംഗത്ത് കുട്ടികൾ പിന്നോട്ടു പോയാൽ അതിൻ്റെ ഉത്തരവാദി അധ്യാപകർ മാത്രമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ചേറ്റുവ ജി. എം. യു.പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച മൂന്നു നില കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന പ്രധാന ലക്ഷ്യം വെച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. ഇത് മനസിലാക്കികൊണ്ടാണ് ഉന്നത നിലവാരമുള്ള സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു വരുന്നത്. വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ അധ്യാപകർ സംരക്ഷിച്ച് പരിപാലിക്കണമെന്നും മന്ത്രി പറഞ്ഞു. 5000 കോടി രൂപ ചിലവ് സംസ്ഥാന സർക്കാർ ഇതിനകം പുതിയ കെട്ടിടങ്ങൾ നിർമിച്ചു കഴിഞ്ഞു. 21000 അധ്യാപകരെ നിയമിച്ചു. 47 ലക്ഷം വിദ്യാർഥികളുമുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്ക്കാരങ്ങൾ സർക്കാർ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. ഉച്ച ഭക്ഷണ വിതരണം പരിഷ്ക്കരിച്ചത് ഏറ്റവും ഉചിതമായി. വിദ്യാർഥികൾക്ക് നേരെ ചില ബസ് ജീവനക്കാർ ചിറ്റമ്മനയം തുടരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ടാം തര നിലപാടാണിത്. വിദ്യാർഥികളെ ബസിൽ കയ്യറ്റാതേയും ഇരിക്കുന്ന കുട്ടികളെ എഴുന്നേൽപ്പിക്കുകയും ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ പരാതി ലഭിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്ന നടപടിയിലേക്ക് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എൻ. കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. വി. അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ വികസന സമിതി രക്ഷാധികാരി പി.ബി. ഹുസൈൻ ഉപഹാരസമർപ്പണം നടത്തി. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സുരേഷ്,ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സറ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.ബി. അഹമ്മദ്, ജനപ്രതിനിധികളായ കെ. ബി. സുരേഷ്, നിമിഷ അജീഷ്, ബി.കെ സുദർശനൻ, സുശീല സോമൻ ഗീതു കണ്ണൻ,സതീഷ് പനക്കൽ, ഡി. ഇ ‘ ഒ.രാധ ,ഡി. പി.സി ബിനോയ്, വലപ്പാട് എ. ഇ. ഒ അമ്പിളി, സ്കൂൾവികസന സമിതി രക്ഷാധികാരി എം.എ. ഹാരീസ് ബാബു തുടങ്ങിയവർ സംസാരിച്ചു. മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംബന്ധിച്ചു.നവകേരളം കമ്മപദ്ധതി വിദ്യാകരണം മിഷൻ 2020-21 സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടരക്കോടി രൂപ ചിലവഴിച്ചാണ് കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്..10286.02 സ്ക്വയർ ഫീറ്റിലുള്ള മൂന്ന് നില കെട്ടിടത്തിൽ ടൈൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ നാല് ക്ലാസ് റൂം, പ്രധാന അധ്യാപക റൂം, ഓഫീസ് റൂം,ടോയിലറ്റ് ബ്ലോക്ക്, സ്റ്റെയർ റൂം, വരാന്തയും രണ്ടാം നിലയിൽ നാല് ക്ലാസ് റൂം, സ്റ്റാഫ് റൂം, സ്റ്റോർ റൂം, ടോയിലറ്റ് ബ്ലോക്ക്, സ്റ്റെയർ റൂം,ലൈബ്രറി കം ഹാൾ,വരാന്ത, മൂന്നാം നിലയിൽ സ്റ്റെയർ റൂം എന്നിവയാണുള്ളത്.
previous post
