വാടാനപ്പള്ളി: ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ചേറ്റുവ പാലത്തിലെ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു.
പലതവണ അപകടങ്ങൾ ഉണ്ടായിട്ടും പാലത്തിലെ ശോചനീയാവസ്ഥ ദേശീയപാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ചേറ്റുവ പാലത്തിൽ ചെറുതും വലുതുമായി ഇരുപതിൽപരം കുഴികളുണ്ട്. പാലത്തിലേക്ക് കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളാണ്. കുഴിയായി കിടക്കുന്ന ഭാഗത്ത് പാലത്തിലെ ഇരുമ്പ് കമ്പികൾ പുറത്തായി നിൽക്കുന്ന നിലയിലാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതും ബ്രേക്കിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതാണ് കൂടുതൽ അപകട സാധ്യതക്ക് വഴിവെക്കുന്നത്.
പാലത്തിലെ കുഴികൾ നേരത്തെ അടച്ചുവെങ്കിലും അശാസ്ത്രീയ നിർമ്മാണം മൂലം ആഴ്ചകൾ പിന്നിട്ടതോടെ വീണ്ടും പഴയ അവസ്ഥയിലായി.
ചേറ്റുവ പാലത്തിനോടുള്ള അവഗണന അധികൃതർ അവസാനിപ്പിക്കണമെന്നും, പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും, വാഹന യാത്രക്കാർക്ക് ഭീഷണിയായി ദേശീയ പാതയിൽ പല ഭാഗങ്ങളിൽ ആയി രൂപപ്പെട്ടിട്ടുള്ള കുഴികൾ അടിയന്തരമായി അടച്ച് വാഹന യാത്രാക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
പാലത്തിനോടുള്ള അവഗണന ഇനിയും തുടർന്നാൽ പൊതുജന ങ്ങളുടയും വാഹനയാത്ര ക്കാരുടെയും സുരക്ഷക്കുവേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.
