ചേറ്റുവ: മലയാള സിനിമാചരിത്രത്തിൽ ഇടംപിടിച്ച ‘ചെമ്മീൻ’ സിനിമയുടെ 60-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘സുവർണ്ണകമലം@60’ സംഘടിപ്പിച്ചു. ചേറ്റുവ വഴിയോര വിശ്രമകേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി
പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. മലയാള സിനിമയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്ത ചരിത്രനിമിഷമാണ് ചെമ്മീൻ സിനിമയെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. മലയാളത്തിലേക്ക് ആദ്യമായി സുവർണകമലം എത്തിച്ച ചെമ്മീൻ സിനിമ 60 വർഷം പിന്നിടുമ്പോൾ സിനിമയെയും സംവിധായകൻ രാമു കാര്യാട്ടിനെയും അണിയറ പ്രവർത്തകരെയും ഒരുപോലെ ഓർക്കുന്ന നിമിഷമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾക്ക് ലഭിക്കാത്ത അംഗീകാരം രാമു കാര്യാട്ട് ചെമ്മീനിലൂടെ മലയാള സിനിമയ്ക്ക് നേടിക്കൊടുത്തു. 1956-ൽ തകഴി ശിവശങ്കരപ്പിള്ള രചിച്ച ചെമ്മീൻ എന്ന നോവലിന് 1957-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പിന്നീട് ഈ നോവലിനെ സിനിമയിലേക്ക് പകർത്തിയ രാമു കാര്യാട്ട് മലയാള സിനിമയുടെ അവതരണത്തിലും ആവിഷ്കാരത്തിലും പുതിയൊരു മാനം സൃഷ്ടിച്ചു.കടലോര ജനതയുടെ ജീവിതം തകഴി തന്റെ എഴുത്തിലൂടെ പകർത്തിയപ്പോൾ കടലിന്റെ ശബ്ദവും നിറവും ചലനവും ദൃശ്യഭാഷയിലൂടെ പകർത്തിയാണ് രാമു കാര്യാട്ട് ആ കഥയെ ലോകത്തിനു മുന്നിലെത്തിച്ചതെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ചലച്ചിത്രതാരം ദേവൻ, സംവിധായകൻ പ്രിയനന്ദനൻ, കലാമണ്ഡലം ക്ഷേമാവതി എന്നിവർ മുഖ്യാതിഥികളായി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജില ഗിരി, പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഡ്വ. വി.കെ. ജ്യോതിപ്രകാശ് എന്നിവർ വിശിഷ്ടാതിഥികളായി.
ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംവിധായകൻ മണിലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഏങ്ങണ്ടിയൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വനിതാ വിഭാഗത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറി. രാമു കാര്യാട്ട് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസായാഹ്നവും പരിപാടിയുടെ ഭാഗമായി നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ വി.എൻ. രണദേവ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ഇർഷാദ് ചേറ്റുവ നന്ദി പറഞ്ഞു.
