ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ 2025-26 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസിന് ആറ് പുതിയ മഹിന്ദ്ര ബൊലേറോ നിയോ വാഹനങ്ങൾ അനുവദിച്ചു. കൺട്രോൾ റൂം വെഹിക്കിൾ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഈ വാഹനങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയ ശേഷം റൂറൽ ജില്ലാ പോലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. തുടർന്ന് ഈ വാഹനങ്ങൾ കൊടുങ്ങല്ലൂർ കൺട്രോൾ റൂമിന് കൈമാറി.
തൃശ്ശൂർ റൂറൽ ജില്ലയിലെ തീരദേശ മേഖലകളിലും പുതുതായി നിർമ്മിക്കപ്പെട്ട ഹൈവേകൾ കേന്ദ്രീകരിച്ചും സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങൾ വിന്യസിച്ചു. വിപുലമായ പട്രോളിങ്ങ് സംവിധാനത്തിലൂടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പോലീസിന്റെ സേവനം വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ഈ പുതിയ വാഹനങ്ങൾ ഏറെ സഹായകമാകും. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വാഹനങ്ങൾ എത്തുന്നതോടെ റൂറൽ പോലീസിന്റെ പ്രവർത്തനക്ഷമത വർദ്ധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് അറിയിച്ചു.
