പെരിഞ്ഞനം: പൊൻമാനിക്കുടത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായി തിരച്ചിൽ വീണ്ടും ആരംഭിച്ചു. തൃശ്ശൂർ ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇന്ന് രാവിലെ സ്ഥലത്തെത്തി തിരച്ചിലിന് തുടക്കം കുറിച്ചു. തൃശ്ശൂരിൽ നിന്നുള്ള പ്രൊഫഷണൽ സേനാ അംഗങ്ങളാണ് പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്തുന്നത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പെരിഞ്ഞനം കോവിലകം സ്വദേശിയായ അഖിൽരാജ്(18) എന്ന യുവാവ് പുഴയിൽ വീണത്. പെരിഞ്ഞനം കോവിലകം സ്വദേശിയായ പുന്നക്കത്തറ വീട്ടിൽ ബാബുരാജിന്റെ മകനാണ് അഖിൽരാജ്. ബൈക്ക് ഓടിച്ചു വരികയായിരുന്ന യുവാവ് നേരെ കനോലി കനാലിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏറെ വൈകിയും നടത്തിയ തിരച്ചിൽ ഫലം കണ്ടിരുന്നില്ല, മഴയും, കനാലിലെ ശക്തമായ നീരൊഴുക്കും വെളിച്ചക്കുറവും തിരച്ചിൽ ദുഷ്ക്കരമാക്കിയിരുന്നു.
ഇന്നും കനാലിലെ നീരൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ദുഷ്ക്കരമായ നിലയിലാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അതിനായി കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പൊന്മാനിക്കുടം കടവ് അവസാനിക്കുന്ന കനാൽ തീരത്ത് നാളിതുവരെ എൻഡിങ്ങ് ഓഫ്ഷനും, സുരക്ഷാ വേലിയും ഇല്ലാത്തതാണ് വലിയ ദുരന്തം ക്ഷണിച്ചു വരുത്താൻ കാരണമായത്, പൊന്മാനിക്കുടം മുനയം കടവിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.
