അന്തിക്കാട്: അന്വേഷണത്തിന് പോകാൻ സ്വന്തം ജീപ്പില്ലാതെ നട്ടം തിരിഞ്ഞ അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് വർഷങ്ങൾക്ക് ശേഷം പുതിയ ജീപ്പ് അനുവദിച്ചു. അന്തിക്കാട്ടേക്കുള്ള പുതിയ ജീപ്പ് കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥർ ഇന്നലെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ജീപ്പ് ഇന്ന് വൈകീട്ട് അന്തിക്കാടെത്തും.
സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് അനുവദിച്ച 42 വാഹനങ്ങളിൽ ഒന്നാണ് അന്തിക്കാട്ടേക്ക് അനുവദിച്ചത്. ജില്ലയിൽ അന്തിക്കാടിന് പുറമെ സമാന സാഹചര്യമുള്ള ചേലക്കര, ഇരിങ്ങാലക്കുട, ചേർപ്പ് എന്നീ എക്സൈസ് ഓഫീസുകളിലേക്ക് ഓരോ വാഹനം വീതം 4 വാഹനങ്ങളാണ് ജില്ലയിൽ അനുവദിച്ചിട്ടുള്ളത്.
25 കിലോമീറ്റർ അകലെയുള്ള അടാട്ട് വരെ പ്രവർത്തന പരിധിയുള്ള അന്തിക്കാട് എക്സൈസിന്റെ മുറ്റത്ത് 3 ജീപ്പുകൾ വർഷങ്ങളായി കട്ടപ്പുറത്താണ്. അതിനാൽ അന്വേഷണ ആവശ്യങ്ങൾക്കും റെയ്ഡ്, തണ്ടർ എന്നിങ്ങനെയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും പോകാൻ വാടകയ്ക്ക് വാഹനം വിളിക്കേണ്ട അവസ്ഥയായിരുന്നു.
എക്സൈസ് ഓഫീസുകളിലേക്ക് വാഹനങ്ങൾ നൽകാൻ ഈ സർക്കാർ വന്ന ശേഷം തീരുമാനിച്ചിരുന്നുവെങ്കിലും നടപടി ക്രമങ്ങളിൽ താമസം നേരിട്ടു. അന്തിക്കാട് ഓഫീസിൽ വാഹനമില്ലാത്ത ദുരവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.വി.അരുൺ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലും ഉടൻ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
