News One Thrissur
Updates

ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സിപിഐഎം നേതാവ് ബേബി ജോൺ മാസ്റ്റർ (74) അന്തരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു.

മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനനം. 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 1971ൽ പാർടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ൽ ജില്ലാ കമ്മിറ്റിയംഗവും 1997 മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമായി.

2006 ജൂലൈയിൽ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി. കെഎസ്എഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായി ഏഴുവർഷത്തോളം പ്രവർത്തിച്ചു. സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയായും ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിലിലായി. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് പൊലീസ്മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി.

തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ 1971 മുതൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെ തുടർന്ന് ഒന്നരക്കൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1991ൽ സർവീസിൽനിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

Related posts

കാട്ടൂർ പൊഞ്ഞനം ക്ഷേത്രത്തിൽ കവർച്ച.

Sudheer K

പെരിങ്ങോട്ടുകര പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി.

Sudheer K

ഷാജു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!