തൃപ്രയാർ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വാളുകൊണ്ടും കത്രികകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം തമ്പാൻകടവ് സ്വദേശി കോറോട്ട് വീട്ടിൽ നവനീത് (18), കുന്നംകുളം അർത്താറ്റ് സ്വദേശി വൈശ്യം വീട്ടിൽ മൻസിഫ് (28), കുന്നംകുളം അർത്താറ്റ് സ്വദേശി വൈശ്യം വീട്ടിൽ ഫായിസ് (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 11:00 മണിയോടെ തളിക്കുളം എരണേഴത്ത് അമ്പലത്തിന് സമീപം വെച്ചാണ് സംഭവം. തളിക്കുളം പുനരധിവാസ ഉന്നതി സ്വദേശി കരീപറമ്പിൽ വീട്ടിൽ ആദർശ് (18) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരു വർഷം മുൻപ് ആദർശും പരിസരവാസികളും ചേർന്ന് പ്രതിയായ നവനീത് ഒരു വീട്ടിലേക്ക് മതിൽ ചാടി വന്നതിനെ ചോദ്യം ചെയ്തിരുന്നു. ഈ മുൻവിരോധം കാരണം പരാതിക്കാരനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, പരാതിക്കാരൻ തളിക്കുളം പുനരധിവാസ ഉന്നതിയിലേക്ക് നടന്നുപോകുന്ന വഴിയിൽ വെച്ചാണ് പ്രതികൾ വാളും കത്രികയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കുന്നംകുളം പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മൻസിഫ്, കുന്നംകുളം-ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും രണ്ട് വധശ്രമക്കേസിലും ഒരു മോഷണക്കേസിലും നാല് അടിപിടിക്കേസിലും കാപ്പ നിയമപ്രകാരമുള്ള കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം പതിനൊന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഫായിസ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്.
നവനീത് വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ മൗഷമി, അമൽരാജ്, ഉണ്ണി, സാബു, എ എസ് ഐ പ്രജീഷ് എസ് സി പി ഒ മാരായ റഷീദ്, സോഷി, സി പി ഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
