വലപ്പാട് : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി, ആറ് മയക്കുമരുന്ന് കടത്ത് കേസുകൾ അടക്കം പതിനൊന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായ വലപ്പാട് സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് ഷെജിയെ (30) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തൃശ്ശൂർ സബ് ജയിലിൽ നിന്നും അറസ്റ്റ് ചെയ്തു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. നാട്ടികയിൽ നിന്ന് 6 കിലോ 650 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു മുഹമ്മദ് ഷെജി.
മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമമാണ് പിറ്റ് എൻ.ഡി.പി.എസ്. ആക്ട് നിയമം.
മുഹമ്മദ് ഷെജി വലപ്പാട്, കൊരട്ടി, ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധികളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ മൂന്ന് കേസുകളിലും, കഞ്ചാവ് ബീഡി ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം ആറ് മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ഇതിൽ നാല് കേസുകളിൽ കോടതി ഇയാളിൽ നിന്ന് പതിനേഴായിരം രൂപ പിഴ ഈടാക്കി ശിക്ഷിച്ചിട്ടുണ്ട്. കൂടാതെ, വാടാനപ്പിള്ളി, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേവിലും ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും മൂന്ന് അടിപിടി കേസുകളിലും അടക്കം മറ്റ് അഞ്ച് ക്രിമിനൽ കേസുകളിലും മുഹമ്മദ് ഷെജി പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അനിൽകുമാർ കെ., ജി.എസ്.ഐ. ഉണ്ണി പി.വി., സി.പി.ഒ.മാരായ മാഷ്, ജെസ്ലിൻ തോമസ് എന്നിവർ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
