കാഞ്ഞാണി : കണ്ടശ്ശാംകടവിൽ ചുമട്ടുതൊഴിലാളിയെ കടിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് കണ്ടശ്ശാംകടവ് മാർക്കറ്റിലെ സനൂപ് , മെജോ എന്നീചുമട്ടുതൊഴിലാളികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ബോട്ട് ജെട്ടിക്കടുത്ത് വെച്ച് ഓടി വന്ന തെരുവ് നായ സനൂപിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സനൂപിൻ്റെ കാലിൻ്റെ തുടയിലാണ് കടിച്ചത്. തുടർന്ന് മെജോക്ക് നേരേയും തിരിയുകയായിരുന്നു. മെജോയുടെ മുണ്ടിലാണ് നായ കടിച്ചത്. കടിയേൽക്കാതെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കടിയേറ്റ സനൂപിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പ് നടത്തി. കടിച്ച വെളുത്ത നിറത്തിലുള്ള തെരുവ് നായയെ പിന്നീട് ബോട്ട് ജെട്ടിയിൽ ചത്ത നിലയിൽ കാണപ്പെട്ടു. വിവരം അറിയിച്ചതോടെ മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് അംഗങ്ങളായ സുധർമൻ, ജോജു തേയ്ക്കാനത്ത് എന്നിവരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിവരം പ്രസിഡൻ്റ് ബന്ധപ്പെട്ടവരെ അറിയിച്ചതോടെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടോ എന്നറിയാൻ ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. കണ്ടശ്ശാംകടവ് മാർക്കറ്റും ബോട്ട് ജെട്ടിയും റോഡരികും കടകൾക്ക് മുന്നിലും തെരുവ് നായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. പലപ്പോഴും വാഹനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ റോഡിൽ നായ്ക്കൾ കടിപിടി കൂടുന്നത് പതിവാണ്. വിദ്യാർഥികളേയും സ്ത്രീകളേയും കടിക്കാനും ഓടിക്കുന്നതോടെ ഇവർ ഭീതിയിലാണ് പോകുന്നത്.
