മതിലകം: അങ്കണവാടി വര്‍ക്കറുടെ സ്വര്‍ണ്ണ മാല കാക്ക കൊത്തി കൊണ്ടുപോയി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ മാല തിരിച്ചു കിട്ടി. മതിലകം കുടുക്കവളവ് പതിമൂന്നാം വാര്‍ഡിലെ 77 ാം നമ്പര്‍ ശിശുഭവന്‍ അങ്കണവാടി വര്‍ക്കര്‍ ഷെര്‍ളി തോമസിന്‌റെ മൂന്നര പവന്‍ സ്വര്‍ണ്ണ മാലയാണ് അങ്കണ വാടിയുടെ കോണിപടിയില്‍ നിന്ന് കാക്ക കൊത്തികൊണ്ടു പോയത്. ബുധനാഴ്ചരാവിലെയാണ് സംഭവം. അങ്കണവാടി തുറന്ന് അടിച്ചു വൃത്തിയാക്കുന്നതിനിടയില്‍ ഷെര്‍ളി തോമസിന്‌റെ മാല ചൂലില്‍ കൊളുത്തിയപ്പോള്‍ കോണി പടിയില്‍ ഭക്ഷണപൊതി വെച്ച സഥലത്ത് മാലയും ഊരിവെച്ചു. വൃത്തിയാക്കുന്നതിനിടയിലാണ് ഭക്ഷണം കൊത്തി കൊണ്ടു പോകാന്‍ വന്ന കാക്ക ഭക്ഷണം എടുക്കാതെ മാലയുമായി കടന്നു കളഞ്ഞത്.
ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാല കാക്ക കൊണ്ടു പോണേന്ന് പറഞ്ഞ് ഉറക്കേ നിലവിളിക്കുകയും ഷെര്‍ളി തോമസിൻ്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് റോഡില്‍ കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റാന്‍ നിന്നവരും നാട്ടുകാരും എത്തി മാലക്കായി കാക്കയുടെ പിന്നാലെ ഓടുകയായിരുന്നു. പുഞ്ചപാടവും കാടും തോടും നിറഞ്ഞ സ്ഥലത്തേക്കാണ് കാക്ക പറന്നതെങ്കിലും ഭാഗ്യത്തിന് കാക്ക തൊട്ടടുത്ത മരത്തില്‍ ഇരുന്നത് മാല തിരികെ ലഭിക്കാന്‍ സഹായകരമായി. നാട്ടുകാരനായ പനക്കല്‍ സോമന്‍ എന്നയാള്‍ കല്ലെടുത്ത് എറിഞ്ഞ് കാക്കയുടെ കൊക്കില്‍ സ്വര്‍ണ്ണമാല വീഴ്ത്തി. അങ്ങനെ ഷെര്‍ലി തോമസിന്‌റെ മാല തിരിച്ചു കിട്ടി.നഷ്ടപെട്ടു പോയ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഷെര്‍ലി തോമസ്.മാല കാക്ക കൊത്തി കൊണ്ടു പോകുന്നത് കണ്ടില്ലെങ്കിൽ മോഷണ പരാതിയുമായി പോലീസ് സ്റ്റേഷൻ യിറങ്ങുകയും മറ്റുള്ളവരെ സംശയ ദൃഷ്ടിയിൽ കാണുകയും ചെയ്യേണ്ടി വന്നേനെ.
