കാഞ്ഞാണി : കണ്ടശ്ശാംകടവ് മർച്ചൻ്റ്സ് അസോസിയേഷൻ്റെ സ്വാതന്ത്ര്യ ദിനാഘോഷവും മർച്ചൻ്റ്സ് സുവർണ ജൂബിലി ആഘോഷ നറുക്കെടുപ്പും ശനിയാഴ്ച വിപുലമായി സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ജോയ്മോൻ പള്ളിക്കുന്നത്ത്, സെക്രട്ടറി വർഗീസ് പി. ചാക്കോ,ജനറൽ കൺവീനർ എ.ജെ.ജിജോ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടത്തുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് റാലി, കുട്ടികളുടെ പ്രഭാഷണം, സമ്മാന വിതരണം, സമ്മാന കൂപ്പണുകളുടെ ആദ്യ ഘട്ട നറുക്കെടുപ്പ് എന്നിവ നടത്തും. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ആയൂർവേദ കിറ്റുകളുടെ വിതരണവും കാരമുക്ക് വില്ലേജിൽ താമസിക്കുന്ന സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് സാമ്പത്തിക സഹായവും ഇതോടൊപ്പം നൽകും. വിദ്യാർഥികൾ, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരെ അണിനിരത്തി വാദ്യമേളങ്ങളോടെ നടക്കുന്ന ഘോഷയാത്ര രാവിലെ 10. 30 ന് കണ്ടശ്ശാംകടവ് ഗവ: ഹൈസ്‌കൂളിൽ നിന്ന് ആരംഭിക്കും. തുടർന്ന് ബോട്ട് ജെട്ടിയിൽ നടക്കുന്ന ആഘോഷ പരിപാടി ഡി. ഇ. ഒ. രോഹിത്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്യും. അന്തിക്കാട് സി. ഐ. കേഴ്സൻ മാർക്കോസ് സമ്മാന വിതരണം നടത്തും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ട്രഷറർ പി. എസ്. സുരാജ് ,പബ്ലിസിറ്റി കൺവീനർ പി. ഒ. പോൾ എന്നിവരും പങ്കെടുത്തു
