വാടാനപ്പള്ളി : വാടാനപ്പള്ളിയിൽ വീട്ടിലും കടയിലുമായി രണ്ടിടത്ത് മോഷ്ണം .ഡയമണ്ട് മാലയും, സ്വർണ്ണ പാദസരവും സീക്കോ വാച്ചും പണവും വയറിങ് ഉപകരണങ്ങളും കവർന്നു. ഗണേശമംഗലം എട്ടാം കല്ലിൽ അടഞ്ഞു കിടന്നിരുന്ന വീട് കുത്തി തുറന്നും വാടാനപ്പള്ളിയിൽ ദേശീയ പാത മേൽപ്പാലത്തിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കാർ ഷോറൂമിലുമാണ് കവർച്ച നടന്നത്. എട്ടാം കല്ലിൽ കഴിഞ്ഞ ദിവസം രാവിലെ ചന്ദനപ്പറമ്പിൽ
ഹിഷാം മുസംത്തിൻ്റെ വീടിൻ്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ നാടോടി സ്ത്രീകളായ മോഷ്ടാക്കൾ മുകളിലത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് മാലയും, ഒരു പവന്റെ സ്വർണ്ണ പാദസരവും അടക്കം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും, അലമാരയ്ക്ക് അടുത്ത് ടേബിളിനുള്ളിൽ വച്ചിരുന്ന സ്വർണ്ണനിറത്തിലുള്ള സീക്കോ വാച്ചും, പതിനായിരം രൂപയുമാണ് കവർന്നത്. ഡോക്ടർമാരായ ഹിഷാമും ഭാര്യയും കോഴിക്കോട് നിന്ന് വന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഞായറാഴ്ച രാവിലെ എട്ടിനും പത്തിനും ഇടയിലാണ് മോഷണം നടന്നത്. ഈ നേരം നാടോടി സ്ത്രീകൾ വന്നു പോകുന്നത് സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പരാതി പ്രകാരം അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് നായയും പരിശോധനക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വാടാനപ്പള്ളിയിൽ നിർമ്മാണം നടന്നു വരുന്ന പുതിയ കാർ ഷോപ്പിൽ നിന്നും ഒരു ലക്ഷം രൂപ വരുന്ന വയറിങ് ഉപകരണങ്ങൾ രാത്രിയിൽ മോഷണം പോയതായാണ് മറ്റൊരു പരാതി. പുതിയ ദേശീയപാതയിൽ വാടാനപ്പള്ളി മേൽപ്പാലത്തിന് തെക്ക് സർവീസ് റോഡിന് സമീപത്തെ സ്ഥാപനത്തിൽ നിന്നാണ് രാത്രിയുടെ മറവിൽ വിലപിടിപ്പുള്ള കേബിളുകൾ കവർന്നത്. കടയുടെ പണികൾ പൂർത്തിയായി വരുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെ പണി കഴിഞ്ഞ് തൊഴിലാളികൾ മടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ തൊഴിലാളികൾ വീണ്ടും പണിക്കായി എത്തിയപ്പോഴാണ് വയറിങ് ഉപകരണങ്ങൾ മാത്രം നഷ്ടപ്പെട്ടതായി അറിയുന്നത്. അതേ സമയം മോട്ടോർ നഷ്ടപ്പെട്ടില്ല. കൂട്ടുകാരായ ആറ് പേർ ചേർന്നാണ് സ്ഥാപനം ആരംഭിക്കുന്നത്. 1.10 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായി ഉടമകളിൽ ഒരാളായ പി.എസ്. പി . നസീർ പറഞ്ഞു. ഇത് സംബന്ധിച്ച് നസീർ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി
