കാഞ്ഞാണി : ഓട്ടൻ തുള്ളൽ കലാരംഗത്ത് നിറഞ്ഞുനിൽക്കുന്ന മണലൂർ തുള്ളൽ കളരി ഏർപ്പെടുത്തിയ 14 -ാം മത് മലബാർ രാമൻ നായർ സ്മാരക പുരസ്ക്കാരം കലാമണ്ഡലം മഹേന്ദ്രനും കലാമണ്ഡലം ഗോവിന്ദൻ കുട്ടി സ്‌മൃതി പുരസ്ക്കാരം കലാമണ്ഡലം വിഷ്ണു പനന്താനത്തിനും നൽകുമെന്ന് തുള്ളൽ കളരി ഡയറക്‌ടർ മണലൂർ ഗോപിനാഥ്, പി.ടി.എ. വനിത വിഭാഗം പ്രസിഡൻ്റ് അജ്ഞലി ഷാജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാമൻ നായർ സ്മാരക പുരസ്ക്കാരം 10001 രൂപയും പ്രശസ്തിപത്രവുംഗോവിന്ദൻ കുട്ടി സ്‌മൃതി പുരസ്ക്കാരം 5001 രൂപയും പ്രശസ്തിപത്രവുമാണ്. കലാമണ്ഡലം ഗോപിനാഥപ്രഭ, കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം രാധാമണി, മണലൂർ ഗോപിനാഥ് എന്നിവർ അടങ്ങുന്ന വിധി നിർണ്ണയ സമിതിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ മാസം 27 ന് രാവിലെ പത്തിന് ഗുരുവായൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പുരസ്ക്കാരം വിതരണം ചെയ്യും. കഥകളി, ഓട്ടൻ തുള്ളൽ, തെയ്യം എന്നിവയിൽ കഴിവ് തെളിയിച്ചതുകൊണ്ടാണ് മഹേന്ദ്രനെ അവാർഡിന് തെരഞ്ഞെടുത്തത്. പുരസ്ക്കാര വിതരണത്തിൻ്റെ ഭാഗമായി 25 ന് രാവിലെ മുതൽ വൈകീട്ട് വരെ മണലൂർ തുള്ളൽ കളരിയിൽ ഓട്ടൻതുള്ളൽ, അഷ്ഠപതി, കളരിപ്പയറ്റ് ,യോഗ നൃത്തം എന്നിവ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു
