അരിമ്പൂർ: വഴിയിൽ കിടന്നു കിട്ടിയ ഒരു പവനിലധികം വരുന്ന സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി സഹോദരങ്ങൾ മാതൃകയായി. അരിമ്പൂർ തെക്കേക്കര ലോട്ടസിൻ്റെയും ജെൻസിയുടെയും മക്കളായ ജോസ് (14 ), ആൻ്റണി (10 ) എന്നിവർക്കാണ് സ്വർണ്ണമാല നാലാംകല്ല് പെട്രോൾ പമ്പിന് സമീപത്തെ റോഡിൽ നിന്നും കളഞ്ഞു കിട്ടിയത്. തുടർന്ന് മാല അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. നാലാംകല്ല് കൃഷിഭവനു സമീപം താമസിക്കുന്ന ചേറൂക്കാരൻ സജീഷ് ജോർജിൻ്റെ മകൻ 4 വയസുകാരൻ ബെനഡിക്റ്റിൻ്റെ മാലയാണ് കളഞ്ഞു പോയത്. ബെനഡിക്റ്റും അപ്പാപ്പനും കൂടി കടയിൽ പോയി മടങ്ങുന്നതിനിടെയാണ് മാല നഷ്ടപ്പെടുന്നത്. എ.എസ്.ഐ. വിജയൻ, വാർഡ് മെമ്പർ സി.പി.പോൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അന്തിക്കാട് സ്റ്റേഷനിൽ വച്ച് സ്വർണ്ണമാല ഉടമക്ക് കൈമാറി.
