തൃപ്രയാർ: മാനസീക വെല്ലുവിളി നേരിടുന്ന പട്ടികജാതിയിൽപ്പെട്ടയാളെ മോഷണ കുറ്റം ചുമത്തിയും കട തല്ലി പൊളിച്ചെന്നും പറഞ്ഞ് വീട് കയറി വനിത പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിൽ ആൾകൂട്ട മർദ്ദനം നടത്തിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് പരാതി. താന്ന്യം പഞ്ചായത്തിലെ അഴി മാവ് ചെമ്മാപ്പിള്ളി വീട്ടിൽ അജയനാണ് ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റത്. മാർച്ച് 30 ന് രാത്രിയായിരുന്നു ആക്രമണം. ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും വനിത പഞ്ചായത്ത് അംഗത്തിൻ്റെ ഭർത്താവിൻ്റെ കടയും കുത്തി പൊളിക്കുകയും വാഹനങ്ങൾ തല്ലി തകർത്തെന്നും ആരോപിച്ച് കോൺഗ്രസ് വനിത പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു ആൾ കൂട്ട ആക്രമണം നടത്തിയതെന്ന് അജയൻ്റെ സഹോദരിമാരായ സരസ്വതി ,തകമണി, ബന്ധുക്കളായ സജീവൻ, കമല ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മോഷണകുറ്റം ആരോപിച്ച് അജയൻ്റെ വീട് കയറി അജയനെ ക്രൂരമായി മർദിക്കുകയും വീടിൻ്റെ ജനൽ അടക്കം അടിച്ചു തകർക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. മർദനമേറ്റ അജയനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയൻ്റെ ഭാര്യ മരണപ്പെട്ടതോടെ ഒറ്റക്കാണ് താമസം. തുടർന്നാണ് മാനസിക പ്രയാസങ്ങൾ നേരിട്ടത്.ഓട്ടിസത്തിന് ചികിത്സയിലുള്ള മകൻ എറണാകുളത്ത് മകൾക്കൊപ്പമാണ് താമസം. വീടിനോട് ചേർന്നുള്ള സ്ഥലം വിറ്റ വകയിൽ ലഭിച്ച എട്ട് ലക്ഷം രൂപ കൈക്കലാക്കിയ ആൾവരെ ആക്രമണത്തിൽ പങ്കുണ്ട്. ആക്രമണം നടന്ന് 14 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് അജയൻ്റെ സഹോദരങ്ങൾ ആരോപിച്ചു. മാനസിക രോഗീപീഡനത്തിനും പട്ടികജാതി പീഡന കുറ്റവും വീട് തകർത്ത കുറ്റവും ചുമത്തി പ്രതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ പട്ടികജാതി കമ്മീഷനും മനുഷ്യവകാശ കമ്മീഷനും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും അജയൻ്റെ ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
next post
