കൈപമംഗലം: മയക്കുമരുന്നുകേസിൽ പിടിക്കപ്പെട്ട് റിമാൻഡിൽ കഴിയുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ് ലഭിച്ചതായി പോലീസ്. എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ(31), പെരിഞ്ഞനം സ്വദേശിനി കള്ളിപ്പറമ്പിൽ ഫസീല(33) എന്നിവരുടെ പേരിലുള്ള 38 ലക്ഷത്തോളം രൂപയുടെ സ്വത്താണ് കണ്ടുകെട്ടാൻ ചെന്നൈയിലുള്ള അതോറിറ്റിയുടെ ഉത്തരവ് പോലീസിന് ലഭിച്ചത്.
ഇക്കഴിഞ്ഞ സെപ്തംബർ 29-നാണ് വലപ്പാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ തളിക്കുളം കൈതക്കലിൽ വെച്ച് ഇരുവരെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ബാങ്കിലുള്ള പണവും ഭൂമിയും ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങളുമാണ് കണ്ടുകെട്ടുകയെന്നും പോലീസ് പറഞ്ഞു. റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഡിസിബി ഡിവൈഎസ്‌പി ഉല്ലാസ്‌കുമാർ, വലപ്പാട് എസ്എച്ച്ഒ അനിൽകുമാർ, ജിഎഎസ്‌ഐ സൈഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
