പുള്ള് : കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊതുജന മധ്യത്തിൽ വെച്ച് അപമാനിച്ച് വിട്ട പുള്ളിലെ തായാട്ട് കൊച്ചു വേലായുധൻ്റെ വീട് നിർമ്മാണം അവസാന ഘട്ടത്തിൽ. സിപിഐ എം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ 12 നാണ് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയിൽ നിന്ന് കൊച്ചുവേലായുധന് ദുരനുഭവമുണ്ടായത്. നിലവിലുണ്ടായിരുന്ന ഓട് മേഞ്ഞ വീട് തെങ്ങ് വീണ് തകർന്നതിനെ തുടർന്ന് സമീപത്ത് ഷീറ്റ് മേഞ്ഞ കുടിലിലാണ് രണ്ട് വർഷമായി കൊച്ചു വേലായുധനും കുടുംബവും താമസിച്ചിരുന്നത്. പ്രദേശത്തെ ബിജെപി പ്രവർത്തകർ വീട്ടിൽ വന്ന് പറഞ്ഞതനുസരിച്ചാണ് വീട് നിർമ്മാണത്തിന് അപേക്ഷ തയ്യാറാക്കി പുള്ളിലെത്തിയ സുരേഷ് ഗോപിയെ കാണാൻ വലിയ പ്രതീക്ഷയോടെ കൊച്ചുവേലായുധൻ പോയത്. എന്നാൽ നൽകിയ അപേക്ഷ തുറന്ന് പോലും നോക്കാതെ തിരികെ നൽകുകയാണുണ്ടായത്. ” ഇതൊന്നും എൻ്റെ പണിയല്ല” എന്ന സുരേഷ് ഗോപിയുടെ മറുപടി കേട്ട് അപമാനിതനായി ആൾക്കൂട്ടത്തിനിടയിലൂടെ കൊച്ചു വേലായുധൻ തിരിച്ച് പോകുന്ന വീഡിയൊ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. സംഭവമറിഞ്ഞ് സെപ്തം. 14ന് കൊച്ചു വേലായുധൻ്റെ വീട്ടിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി വീട് സിപിഐ എം നിർമ്മിച്ച് നൽകുമെന്ന് ഉറപ്പുനൽകി. അടുത്ത ദിവസം തന്നെ പഴയ വീട് പൊളിച്ചു മാറ്റി. സെപ്തം 22ന് തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ചു. ഒരു ജനപ്രതിനിധിയുടെ ധിക്കാരത്തിനെതിരായ പ്രതിഷേധമെന്നോണം നിരവധിയാളുകൾ നിർമ്മാണ സാമഗ്രികളും പണവും സംഭാവന ചെയ്തു. മൂന്ന് മാസം തികയും മുൻപെ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് നിർമ്മാണം പൂർത്തിയാവുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വീട് കൊച്ചു വേലായുധന് കൈമാറും.
നിർമാണം അന്തിമഘട്ടത്തിലായ പുള്ളിലെ തായാട്ട് കൊച്ചുവേലായുധന്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ അനിൽ, കെ എസ് മോഹൻദാസ്, വി ആർ ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
previous post
