തൃശൂർ: കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. ദേശമംഗലം മേലെ തലശ്ശേരി ജുമാ മസ്‌ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്.
ചിറ്റണ്ടയിലെ ഒരു ബൈക്ക് വർക്ക്‌ഷോപ്പിലാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അപകടം ഉണ്ടായത്. കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നുണ്ടായ തീ, സമീപത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് പടർന്നതോടെ അത് പെട്ടെന്ന് തീഗോളമായി. തീ യുവാവിനെ മുഴുവനായി പൊതിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ ഫാരിസ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
