മനക്കൊടി: പുല്ല് മൂടി കിടക്കുന്ന കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കാരുമുക്ക് ചാത്തൻകുളങ്ങര ക്ഷേത്ര പരിസരത്ത് പാലാഴി സ്വദേശി കുറവങ്ങാട്ടിൽ വിപിനാ (വാവ -30) ണ് മരിച്ചത്. ഡ്രൈവറായ വിപിൻ സുഹൃത്തിനോപ്പം വ്യാഴാഴ്ച്ച രാത്രി മനക്കൊടി നടുമുറിയിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു. പാലക്കടവിലെ ആളൊഴിഞ്ഞ പറമ്പിൽ കാറിൽ കിടന്നുറങ്ങിയതായി പറയുന്നു. മനക്കൊടിയിലുള്ള സുഹൃത്ത് പുലർച്ചെ എഴുന്നേറ്റ് നോക്കിയപ്പോൾ വിപിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തുള്ള പുല്ലുംമൂട് കിടക്കുന്ന പൊട്ടകിണറ്റിൽ വിപിന്റെ മൃതദേഹം കണ്ടെത്തുന്നത്. രാത്രിയിൽ കാറിൽ നിന്ന് ഇറങ്ങി നടന്നപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതാകാം എന്നാണ് കരുതുന്നത്. തൃശ്ശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ചയായിരുന്നു വിപിൻ്റെ വിവാഹ വാർഷികം. കുറുവങ്ങാട്ടിൽ പരേതനായ വിശ്വംഭരൻ്റെ മകനാണ് വിപിൻ. അമ്മ: ഗീത, സഹോദരൻ: വിഷ്ണു. ഭാര്യ: അശ്വനി. മകൾ: തൃഷിക. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ.
