കൈപ്പമംഗലം : ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ ഭണ്ഡാരം കവർച്ച നടത്തിയ മോഷ്ടാവ് അറസ്‌റ്റിൽ. കോഴിക്കോട് ബാലുശ്ശേരി, കക്കാട്ടുമ്മൽ വീട്ടിൽ പൂനൂർ മുജീബ് എന്നു വിളിക്കുന്ന മുജീബ് (42) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ
ഇയാൾ ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിന്റെ സമീപം എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു.
സെപ്തംബർ മാസം 24 നും സെപ്തംബർ 30 നും ഇടയിൽ ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിലെ 5 നേർച്ചപ്പെട്ടികളിൽ നിന്ന് 50,000 രൂപ മോഷ്ടിച്ചിരുന്നു. പള്ളി സെക്രട്ടറി നൽകിയ പരാതിയിൽ കൈപ്പമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഇതിനായി അന്വേഷണ സംഘത്ത നിയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി അറസ്റ്റിലായത്.
മുജീബ് കോഴിക്കോട് കസബ , കുന്നമംഗലം, പാലക്കാട് ടൗൺ, മാവൂർ, തിരൂരങ്ങാടി,കുന്നംകുളം, ഗുരുവായൂർ, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളിലായി ആറ് മോഷണ കേസുകളിലും മയക്കുമരുന്നു ഉപയോഗിച്ച കേസിലും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ, സബ് ഇൻസ്പെക്ടർ അഭിലാഷ് ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ദിനേശ് എ എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
