അന്തിക്കാട്: പാട ശേഖരത്തിലെ ഏഴ് പടവുകളെ ബന്ധിപ്പിക്കുന്ന പുത്തൻകോവിലകം കടവാരം പാലം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മാണം നടത്താത്തത് കോൾ കർഷകരെ ദുരിതത്തിലാക്കി. കോൾനിലങ്ങളുടെ അടി സ്ഥാന സൗകര്യ വികസനത്തിനായുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലെ സേവിങ്സ് തുകയിൽ നിന്ന് 62 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ച് മാസങ്ങളായിട്ടും സാങ്കേതിക നടപടികളുടെ പേരിൽ പാലത്തിൻ്റെ നിർമ്മാണം വൈകിപ്പിക്കുകയാണ്. പാലമില്ലാത്തതിനാൽ കൃഷി നടപടികൾ ആരംഭിച്ച പടവുകളിലേ ക്കെത്താൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്. പാലം നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൾ വികസന അതോറിറ്റി ചെയർമാനും നാട്ടുകാരനുമായ മന്ത്രി കെ.രാജന് പാടശേഖരസമിതി ഭാരവാഹികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളുമെല്ലാം നേരിട്ട് മാസങ്ങൾക്കു മുൻപേ നിവേദനം നൽകിയിരുന്നു. എന്നാൽ കൃഷിപ്പണികൾ തുടങ്ങിയിയിട്ടും ഇക്കാര്യത്തിൽ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വിത്തും വളവും മറ്റും കൊണ്ടു പോകാൻ ബദൽ സംവിധാനവും ഏർപ്പെടുത്തിയില്ല. കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ് ഇവയെല്ലാം ഇപ്പോൾ പാടശേഖ രത്തിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലം തകർന്നത്. . വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞ ജനുവരി 25ന് മന്ത്രി കെ.രാജനെ ചെയർമാനായും സ്പെഷൽ ഓഫിസറായി കലക്ടറെയും ചുമതല പ്പെടുത്തി കോൾ വികസന അതോറിറ്റി പുന:സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷാനവാസ് അന്തിക്കാട് ജില്ലാ കളക്ടർക്ക് പരാതി നൽകി.
