അരിമ്പൂർ : “നമ്മുടെ സമ്മതിദാനാവകാശം മോഷ്ടിക്കാതിരിക്കുക” എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് നടത്തുന്ന “വോട്ട്ചോരി” സിഗ്നേച്ചർ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം അരിമ്പൂർ എറവിൽ നടന്നു. ഡോ. അരവിന്ദാക്ഷനിൽ നിന്ന് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ.ജോസഫ് ടാജറ്റ് ആദ്യ ഒപ്പ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് അരിമ്പൂർ മണ്ഡലം പ്രസിഡൻ്റ് ജെൻസൻ ജെയിംസ് അധ്യക്ഷനായി. ജില്ലയിൽ എല്ലാ വാർഡുകൾ തോറും 300 പേരുടെ വീതം ഒപ്പുകളാണ് ശേഖരിക്കുന്നത്. വോട്ട്ചോരി സർക്കാരിനെതിരെ എഐസിസി ആഹ്വാനപ്രകാരം രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 5 കോടി ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രപതിക്കും സമർപ്പിക്കും.
കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, അഡ്വ.വി. സുരേഷ് കുമാർ, പ്രൊഫ. ജോമി തുടങ്ങിയവർ പങ്കെടുത്തു.
