ബാറിൽ വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ
അന്തിക്കാട് :ബാറിൽ വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാനേജരേയും ജീവനക്കാരേയും ബാറിൽ എത്തിയവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി കേസിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ട അമ്പലക്കാവിടി സനീഷും നാല് കൂട്ടാളികളും അറസ്റ്റിൽ. മനക്കൊടി വെളുത്തൂർ സ്വദേശികളായ പുളിക്കൽ വീട്ടിൽ അമ്പലക്കാവിടി എന്നറിയപ്പെടുന്ന സനീഷ് ( 38) , ചുള്ളിപറമ്പിൽ വീട്ടിൽ കുടു എന്നറിയപ്പെടുന്ന അഭിഷേക് (23) , ചുള്ളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് (34) , കാഞ്ഞിരത്തിങ്കൾ വീട്ടിൽ സെബിൻ (20) , മനക്കൊടി സ്വദേശി തട്ടിൽ വീട്ടിൽ മനു (26) എന്നിവരെയാണ് തൃശൂർ റൂറൽ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിന് വൈകീട്ട് കുന്നത്തങ്ങാടി ബാറിന് മുന്നിൽ വെച്ചായിരുന്നു സംഭവം. പരസ്പ്പരം വാക്കു തർക്കവും അടിപിടിയും ഉണ്ടാക്കുകയും പ്രതികളിൽ ഒരാൾ ബാറിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും വടിവാൾ എടുത്ത് വീശി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മറ്റൊരു പ്രതിയുടെ വാൾ പിടിച്ചു വാങ്ങി ചുഴറ്റി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ വന്ന ബാർ മാനേജരായ പടിയം കൊട്ടാരപറമ്പ് സ്വദേശി വൈലപ്പിള്ളി വീട്ടിൽ രാജേന്ദ്രൻ ( 57) എന്നയാളെയും ബാറിലെ ജീവനക്കാരെയും ബാറിൽ മദ്യപിക്കാൻ വന്നവരെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. .
സനീഷ് അന്തിക്കാട്, ചേർപ്പ് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം ,അടിപിടി എന്നിങ്ങനെയുള്ള അഞ്ച് ക്രിമിനൽകേസുകളിലെ പ്രതിയാണ്.
അഭിഷേക് അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമം അടിപിടി എന്നിങ്ങനെയുള്ള അഞ്ച് ക്രിമിനൽകേസുകളിലെ പ്രതിയാണ്.
ശ്രീജിത്ത് അന്തിക്കാട്, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം അടിപിടി എന്നിങ്ങനെയുള്ള എട്ട് ക്രിമിനൽകേസുകളുമുണ്ട്.
സെബിൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമം, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം എന്നിങ്ങനെയുള്ള രണ്ട് ക്രിമിനൽകേസുകളിലെ പ്രതിയാണ്.
മനു അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസിലെ പ്രതിയാണ്.
അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ., എസ്.ഐ മാരായ അഫ്സൽ, ജോസി, സി.പി.ഒ മാരായ അനീഷ്, കിരൺ, രഘു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .
