തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു.. ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രി ഏഴു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിലാണ് സംസ്കാരം. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം ജനഗണമന ആണ് അവസാന ചിത്രം. മലയാളത്തിൽ 50ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഹബീബ ബീവിയാണ് അമ്മ. ചിറയിൻകീഴ്ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽ നിന്നും ഇംഗ്ലീഷ്സാഹിത്യത്തിൽ മാസ്റ്റേഴ്സ്ബിരുദം നേടുകയുംചെയ്തു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമ ഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാളചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേയ്ക്കു പുനഃപ്രവേശനം നടത്തിയിരുന്നു.
ഷാനവാസ് ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖ ബീവിയുടെ മകൾ ആയിഷ ബീവിയാണ് ഭാര്യ. ഷമീർ ഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ.
