വാടാനപ്പള്ളി : യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവും സ്റ്റേഷൻ റൗഡിയും 25 ക്രിമിനൽ കേസുകളിലെ പ്രതിയുമായ ബിൻഷാദ് അടക്കം എട്ട് പ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി ഫസൽ നഗർ സ്വദേശി ബിൻഷാദ് (36), ഇടശ്ശേരി സുലൈമാൻ പള്ളിക്ക് സമീപം പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി കുട്ടമുഖം സ്വദേശി വടക്കിനേടത്ത് വീട്ടിൽ മുഹമ്മദ് അസ്ലം (28), ഗണേശമംഗലം എം എൽ എ വളവ് സ്വദേശി അമ്പലത്ത് വീട്ടിൽ ഷിഫാസ് (30), വാടാനപ്പള്ളി റഹ്മത്ത് നഗർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ ഫാസിൽ (24) , ഗണേശമംഗലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷാഫി മുഹമ്മദ് ( 36 ), വാടാനപ്പള്ളി ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ആഷിഖ് ( 27) , ഗണേശമംഗലം എം.എൽ.എവളവ് സ്വദേശി അറക്കവീട്ടിൽ മുഹമ്മദ് റയീസ് (22) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 18 ന് രാത്രിയിൽ വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വിട്ടിൽ നിന്നും നടുവിൽക്കര ദേശീയപാതയുടെ പണി നടക്കുന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി. തുടർന്ന് അവിടെ നിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേർന്ന് സ്കൂട്ടറിൽ കയറ്റി തട്ടികൊണ്ടുപോയി വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. ഈ കേസിലെ പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരൻ ഷാഫിക്ക് 26000 രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് ജൂൺ 29 ന് തൃത്തല്ലൂർ വെച്ച് നടന്ന അടിപിടിയിൽ പരാതിക്കാരൻ ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈൽ ഫോണും ഇവർ കവർച്ച ചെയ്തിരുന്നു.
യുവാവിനെ നടുവിൽക്കരയിൽ നിന്നും തട്ടി കൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സമയോചിതമായി നടത്തിയ അന്വേഷണത്തിലാണ് വാടാനപ്പള്ളി ഇൻസ്പെക്ടർ
എൻ. ബി. ഷൈജു, എസ് .ഐ മാരായ, സനദ്, പ്രദീപ് എന്നിവർ ചേർന്ന് അന്വേഷണം നടത്തുകയും ശാന്തി റോഡിലെ തെങ്ങിൻ പറമ്പിലെ ഒളി സങ്കേതം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ സ്ഥലത്തിന്റെ ഉടമയും പ്രതിയുമായ ഷിഫാസ്, അഷ്ഫാക്ക്, ആഷിഖ്, ഷാഫി എന്നീ നാല് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ സ്ഥലത്തുനിന്ന് പിടികൂടാൻ സാധിച്ചു. പൊലീസ് വരുന്നത് കണ്ട് മറ്റു പ്രതികൾ ഇരുട്ടിൻ്റെ മറവിൽ പരാതിക്കാരനെ ബലമായി പിടിച്ചുവലിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രധാന പ്രതിയായ ബിൻഷാദ്, അസ്ലം, ഫാസിൽ, റയീസ് എന്നിവരെ വടക്കേക്കാട് മല്ലാട് ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്.
ബിൻഷാദ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും വാടാനപ്പള്ളി, വടക്കേക്കാട്, ചേർപ്പ്, കാട്ടൂർ, ചാവക്കാട്, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിലായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുക, കവർച്ച, വധശ്രമം, അടിപിടി, മയക്കുമരുന്ന് കച്ചവടം എന്നിങ്ങനെയുള്ള 25 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാപ്പ നിയമ പ്രകാരം നാടുകടത്തലിന് വിധേയനാക്കിയ പ്രതിയുമാണ് ബിൻഷാദ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ 2020 ലെ ഒരു വധശ്രമക്കേസിൽ 7 ½ വർഷം ശിക്ഷ ലഭിച്ചിരുന്നതും ജയിലിൽ കഴിഞ്ഞു വരവെ കോടതിയിൽ നിന്ന് അപ്പിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
മുഹമ്മദ് അഷ്ഫാക്ക് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്.
ഷിഫാസ് പാലക്കാട് വാളയാർ എക്സൈസ് ഓഫീസിൽ മയക്ക് മരുന്ന് വിൽപനക്കായി കടത്തിയ കേസിലെയും, ആലപ്പുഴ അരൂർ പൊലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലെയും പ്രതിയാണ്.
ഫാസിൽ എളമക്കര പൊലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിൽ പ്രതിയാണ്.
മുഹമ്മദ് റയീസ് വാടനപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിൽപനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി . വി കെ.രാജു. വാടാനപ്പള്ളി ഇൻസ്പെക്ടർ ഷൈജു., പ്രോബേഷൻ എസ്.ഐ സനദ്.എൻ.പ്രദീപ്, എസ്.ഐ.മാരായ ഷാഫി യുസഫ്, പ്രദീപ്., എ.എസ്.ഐ. ലിജു ഇയ്യാനി, എസ്.സി.പി.ഒ ജിനേഷ്, രാജ് കുമാർ, സി.പി.ഒ. മാരായ നിഷാന്ത്, ബിജു, സുർജിത്ത്, അഖിൽ, അമൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
