മനക്കൊടി: പുള്ള് കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കുമാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയും പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശിയുമായ ഹാഷിം (22) ആണ് മരിച്ചത്. ബൈക്കുകളിലായാണ് 16 അംഗസംഘം എത്തിയത്.
വിളക്കുമാടം പാടശേഖരത്തിൽ നാലംഗ സംഘം നീന്താനിറങ്ങിയതാണ്. നാലുപേർ വെള്ളത്തിൽ ഒഴുക്കിൽ പ്പെട്ട് മുങ്ങിപ്പോയി. നാട്ടുകാരും സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി തിരച്ചിൽ നടത്തി. മൂന്നു പേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.
തൃശ്ശൂരിൽ നിന്നും നാട്ടികയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബാ സംഘമുൾപ്പടെയുള്ളവർ നടത്തിയ തിരച്ചിലാണ് ഏഴേമുക്കാലോടെ മൃതദേഹം കോൾപ്പാടത്തെ സ്ലൂയിസിനടുത്ത് നിന്നും കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തിയിരുന്നു
