തൃശൂർ: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് പ്രമുഖ വ്യവസായി ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു. തൃശൂർ ഓൺലൈൻ പ്രസ്സ് ക്ലബ്ബിലൂടെയാണ് സഹായ പ്രഖ്യാപനം നടത്തിയത്.
കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സയ്ക്കായി 50 കോടി രൂപ കണ്ടെത്താനുള്ള വലിയ ദൗത്യത്തിലാണ് നാടൊന്നാകെ കൈകോർക്കുന്നത്. ഇതിനിടെയാണ് മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് ആശ്വാസമേകുന്ന ഒരു കോടി രൂപയുടെ സഹായ വാഗ്ദാനവുമായി ജോയ് ആലുക്കാസ് രംഗത്തെത്തിയത്.
കല്ലുരുട്ടി പൂവത്തിരിച്ചാൽ സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സക്കായാണ് ജനകീയ ധനസമാഹരണം നടക്കുന്നത്. ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കും സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്രണ്ട് (എസ്.എം.എ) എന്ന അപൂർവ ജനിതക രോഗമാണ് സ്ഥിരീകരിച്ചത്.
ജീൻ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സക്ക് ഒരു കുട്ടിക്ക് 16.5 കോടി രൂപ വീതമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടർചികിത്സയടക്കം മൂന്ന് കുട്ടികൾക്കുമായി ഏകദേശം 50 കോടി രൂപയാണ് വേണ്ടത്. ഡിസംബർ മൂന്നിനകം ചികിത്സക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ട സാഹചര്യത്തിൽ ധനസമാഹരണം ഊർജിതമാക്കിയിരിക്കുകയാണ് ജനകീയ ചികിത്സ സഹായ കമ്മിറ്റി.
