വലപ്പാട് : ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ദേശീയപാത 66 വലപ്പാട് ആനവിഴുങ്ങിയിൽ ടോറസ് ലോറിക്ക് പുറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശി പാലത്ത്കണ്ടി വീട്ടിൽ രവീന്ദ്രൻ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ രവീന്ദ്രൻ്റെ ഭാര്യ ലത (50), മകൻ അമിത് (31),ശശിധരൻ, ഗീതാമണി(64) എന്നിവരെ വലപ്പാട് മിറാക്കിൾ വിവേകാനന്ദ, ഹാർട്ട് കെയർ, ചെന്ത്രാപ്പിന്നി ഫാത്ത് എന്നീ ആംബുലൻസുകൾ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചക്ക് 12.45ഓടെയായിരുന്നു അപകടം. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
