തളിക്കുളം: മുറ്റിച്ചൂർ പാലത്തിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തളിക്കുളം – മുറ്റിച്ചൂർ റോഡിലെ കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിന്റെ ഒരു ഭാഗം തളിക്കുളം പഞ്ചായത്തിന്റെയും മറ്റൊരു ഭാഗം നാട്ടിക പഞ്ചായത്തിന്റെയും കീഴിലാണ്. 400 മീറ്റർ മാത്രം നീളമുള്ള റോഡിന്റെ പകുതിയിലധികം ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ യാത്രാ ദുഷ്ക്കരമാണ്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായി. വീതി കുറഞ്ഞ റോഡിൽ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി അടക്കുകയോ മെറ്റലിംഗ് നടത്തി ടാറിംഗ് നടത്തുകയോ ചെയ്തിട്ടില്ല. ഇതുമൂലം രണ്ട് ഭാഗത്തു നിന്നും ഒരേ സമയം വാഹനങ്ങൾ എത്തിയാൽ വാഹനങ്ങൾ കൊണ്ട് പോകാനാകാതെ ഗതാഗതക്കുരുക്കും പതിവാണ്. വലിയ ടിപ്പർ പോലുള്ള വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ സമീപത്തെ വീടുകളിൽ വരെ ഇതിന്റെ പ്രകമ്പനം ഉണ്ടാകുന്നതായും രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും പരിസര വാസികൾ പറഞ്ഞു. നേരത്തെ ഓട്ടോ തൊഴിലാളികൾ ചേർന്ന് കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ച് കുഴികൾ താത്ക്കാലികമായി അടച്ചെങ്കിലും വീണ്ടും പഴയ പടിയായി. സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം നില നിൽക്കേ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ നിരന്തരം സമരം ചെയ്ത് അധികാരത്തിൽ വന്ന നാട്ടിക, തളിക്കുളം പഞ്ചായത്ത് ഭരണ സമിതികൾ 5 മാസം കഴിഞ്ഞിട്ടും ഇത്രയും തിരക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ കുഴികൾ അടയ്ക്കാനോ തയാറാകാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
:
