കാഞ്ഞാണി: പെരുമ്പുഴയിൽ ഉണങ്ങിയ പാഴ് പുല്ലുകൾക്കും മരങ്ങൾക്കും തീപിടിച്ചത് ഏറെ നേരം ആശങ്ക ഉയർത്തി. ഏതാനും മീറ്ററുകൾക്ക് മാത്രം അപ്പുറത്ത് മണലൂർത്താഴം കോൾ പാടശേഖരത്തിലെ വിളഞ്ഞുണങ്ങിയ നെൽചെടികളിൽ തീപടരാതെ ഒഴിവായത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച്ച പകൽ പത്തോടെയാണ് തീപിടുത്തമുണ്ടായത്. ശക്തമായ കാറ്റിൽ വൈദ്യുതി കമ്പികൾ ഉരസിയുണ്ടായ തീപ്പൊരി ഉണങ്ങി നിൽക്കുന്ന പാഴ്മരങ്ങളിലേക്ക് വീണതാകാം തീ പടരാൻ കാരണമെന്നാണ് കരുതുന്നത്. ഈ സമയം ഇത് വഴി പോയ ഒരു ബസ് യാത്രക്കാരനാണ് തീപടരുന്ന കാര്യം കോൾ പടവ് കമ്മിറ്റിക്കാരെ അറിയിച്ചത്. തുടർന്ന് വിവരമറിഞ്ഞെത്തിയ മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ്, വൈസ് പ്രസിഡൻ്റ്
വി.കെ. ചന്ദ്രൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ വിലാസിനി
തുടങ്ങിയവരുടെ
നേതൃത്വത്തിൽ ഓടി കൂടിയ നാട്ടുകാരും കർഷകരുമൊക്കെ ചേർന്ന് സമീപത്തെ ചാലിൽ നിന്ന് ബക്കറ്റും മറ്റുമുപയോഗിച്ച് വെള്ളമെടുത്താണ് നെൽ പാടത്തേക്ക് തീ പടരുന്നത് തടഞ്ഞത്. പിന്നീട് എത്തിയ ഫയർഫോഴ്സ് തീ പൂർണ്ണമായും അണച്ചു. കോൾ പാടങ്ങൾക്കിരുവശങ്ങളിലും പടർന്ന് പന്തലിച്ച് നിൽക്കുന്ന പാഴ് പുല്ലുകളും നീക്കം ചെയ്യാൻ ആവശ്യമായ നടപടികളെടുക്കുമെന്നും, വൈദ്യുതി സ്റ്റേകമ്പികളിലേക്കും അത് വഴി പോസ്റ്റുകളിലേക്കും പടർന്ന് കയറിയ പാഴ്ചെടികൾ മാറ്റാൻ കെ എസ് ഇ ബി നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
next post
