അന്തിക്കാട്: സ്വാന്ത്വനം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനവും മധുരവുമായി നാട്ടിക എസ്എൻഎൽ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ എത്തി. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പ്രഭ എന്ന പരിപാടിയുടെ ഭാഗമായി അന്തിക്കാട് പ്രവർത്തിക്കുന്ന സ്വാന്തനം സ്പെഷൽ സ്കൂൾ സന്ദർശിക്കുകയും അവിടുത്തെ വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കത്തക്ക രീതിയിലുള്ള സൗകര്യം ഒരുക്കുന്നതിനായി ഡൈനിംഗ് ടേബിളുകൾ സമ്മാനിക്കുകയുണ്ടായി. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷിന്റെ അധ്യഷതയിൽ നടന്ന ചടങ്ങിൽ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാൾ ജയാ ബിനി ജിഎസ്ബി, പിടിഎ പ്രസിഡന്റ് പി.എസ്. പി. നസീർ എന്നിവർ ചേർന്ന് ടേബിളിനുള്ള തുക മാനേജിംഗ് ഡയറക്ടർ എം.പി. ഷാജിക്ക് കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷിന്റെ നേതൃത്വത്തിൽ വിവിധ ചലഞ്ചിലൂടെയാണ് കുട്ടികൾ ഇതിനുള്ള പണം കണ്ടെത്തിയത്. ചടങ്ങിൽ അധ്യാപകരായ കെ.ആർ. രഘുരാമൻ, ഇ.ബി. ഷൈജ, വികസന കമ്മിറ്റി ചെയർമാൻ സി.എസ്. മണികണ്ഠൻ, സെക്രട്ടറി അബൂബക്കർ, പിടിഎ പ്രസിഡന്റ് രാജലക്ഷ്മി മോഹനൻ, സ്വാന്തനം ട്രഷറർ ഇ.ജി. സുധാകരൻ എന്നിവർ സംസാരിച്ചു.
